'സഹായിക്കാന്‍ ആരുമില്ല, പാര്‍ട്ടിക്ക് ഇനി പരാതി നല്‍കുന്നുമില്ല'; ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിനെ കണ്ടു

ആരോപണം നേരിടുന്ന ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെക്കുറിച്ചുള്ള പരാതി നല്‍കാനാണ് അമ്മ രമേശ് ചെന്നിത്തലയെ കണ്ടത്
'സഹായിക്കാന്‍ ആരുമില്ല, പാര്‍ട്ടിക്ക് ഇനി പരാതി നല്‍കുന്നുമില്ല'; ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിനെ കണ്ടു

തൃശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയ പെണ്‍കുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിനെ കണ്ടും. ആരോപണം നേരിടുന്ന ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെക്കുറിച്ചുള്ള പരാതി നല്‍കാനാണ് അമ്മ രമേശ് ചെന്നിത്തലയെ കണ്ടത്. തൃശ്ശൂരില്‍ കെ. കരുണാകരന്‍ അനുസ്മരണത്തിന് എത്തിയപ്പോഴാണ് പരാതി നല്‍കിയത്. 

സഹായിക്കാന്‍ ആരുമില്ലെന്നും, ഇനി പാര്‍ട്ടിക്ക് പരാതി നല്‍കുന്നില്ലെന്നുമാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. ഇവര്‍ തദ്ദേശസ്വയംവരണ സ്ഥാപനത്തിലെ സിപിഎം പ്രതിനിധിയാണ്. ജീവന്‍ലാലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നുള്ള കാര്യങ്ങളാണ് പരാതിയില്‍ ഉള്ളതെന്നു ഇവര്‍ പറഞ്ഞു. പെണ്‍കുട്ടി മൊഴി മാറ്റിയെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതുകൊണ്ടാണ് ജാമ്യം ലഭിച്ചതെന്നും പ്രചരിപ്പിക്കുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തും പോലീസിന് ഒരേ മൊഴിയാണ് നല്‍കിയതെന്ന് അമ്മ പറഞ്ഞു.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ കാണുമ്പോള്‍ മ്യൂസിയം പൊലീസിന് നല്‍കിയ മൊഴി തിരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നാണ് അമ്മ പറയുന്നത്.  ഇതിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ല. ഇതിനായി രജിസ്‌ട്രേഡ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമ്മ പറഞ്ഞു. ഫോണ്‍വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും നട
ന്നില്ല. തൃശൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ നേരിട്ട് എത്തിയിരുന്നെന്നും എന്നാല്‍ കാണാന്‍ സാധിക്കാതിരുന്നതിനാല്‍ ഡ്രൈവര്‍ക് പരാതി നല്‍കി തിരിച്ചുപോരുകയായിരുന്നെന്നും പറഞ്ഞു. 

പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇനിയും പാര്‍ട്ടിക്ക് പരാതി നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു സംഘടനകള്‍ ആരും സഹായിക്കാന്‍ വരുന്നില്ലെന്നും മുന്‍കൂര്‍ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞശേഷം എന്തു വേണമെന്നു തീരുമാനിക്കുമെന്നും അമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com