ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ 10 ലക്ഷം പേര്‍ക്ക് രസീത് ലഭിച്ചില്ല; കാരണം ബാങ്കുകളാണെന്ന് അധികൃതര്‍

ദുരിതാശ്വാസ നിധി പോര്‍ട്ടല്‍ വഴിയല്ലാതെ ബാങ്കുകള്‍ വഴി നേരിട്ടു സംഭാവന കൈമാറിയവര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും രസീത് ലഭിക്കാത്തത്
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ 10 ലക്ഷം പേര്‍ക്ക് രസീത് ലഭിച്ചില്ല; കാരണം ബാങ്കുകളാണെന്ന് അധികൃതര്‍


 
തിരുവനന്തപുരം; പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെട്ടിപ്പടുക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരില്‍ 10 ലക്ഷം പേര്‍ക്ക് രസീത് ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം. 30 ലക്ഷം പേരാണ് ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ നിധി പോര്‍ട്ടല്‍ വഴിയല്ലാതെ ബാങ്കുകള്‍ വഴി നേരിട്ടു സംഭാവന കൈമാറിയവര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും രസീത് ലഭിക്കാത്തത്.

സംഭാവന കൈമാറിയവരുടെ വിവരങ്ങള്‍ ബാങ്കുകളില്‍ നിന്നു ലഭിക്കാത്തതിനാലാണ് രസീത് നല്‍കാന്‍ കഴിയാത്തത് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് പരിഹരിക്കും എന്നും വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളും സംഘടനകളും വ്യക്തികളുമായി 30 ലക്ഷത്തോളം പേരുടെ സംഭാവനകളാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ദുരിതാശ്വാസ നിധി സ്വീകരിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നലെ വരെ ആകെ ശേഖരിച്ച തുക 2638 കോടി രൂപയാണ്. 

മുഖ്യമന്ത്രിയുടെ പോര്‍ട്ടല്‍ വഴി പണമടയ്ക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇമെയില്‍, എസ്എംഎസ് മുഖേന രസീത് നല്‍കുന്നുണ്ട്. എന്നാല്‍, ഓണ്‍ലൈനായും ചെക്കായും വോലറ്റുകള്‍ വഴിയും പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും കൈമാറിയാലേ രസീത് തയ്യാറാക്കാന്‍ കഴിയൂ. ഇടപാടുകാരുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ സംഭാവന നല്‍കിയവരുടെ ചില വിശദാംശങ്ങള്‍ കൈമാറാനാവില്ലെന്ന നിലപാടിലാണ് പല ബാങ്കുകളും. ഇതാണ് രസീത് തയ്യാറാക്കുന്നതിനു പ്രധാന തടസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com