കണ്ണന്താനം കള്ളം പറയുന്നു, കേന്ദ്രം തന്നത് 18 കോടിയെന്ന് കടകംപള്ളി

കണ്ണന്താനം കള്ളം പറയുന്നു, കേന്ദ്രം തന്നത് 18 കോടിയെന്ന് കടകംപള്ളി
കണ്ണന്താനം കള്ളം പറയുന്നു, കേന്ദ്രം തന്നത് 18 കോടിയെന്ന് കടകംപള്ളി

കണ്ണൂര്‍: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക പോലും സംസ്ഥാനം വിനിയോഗിച്ചില്ലെന്ന കേന്ദ്രമമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനം അടിസ്ഥാനമില്ലാത്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണന്താനം അനുവദിച്ചെന്നു പറയുന്ന നൂറു കോടതിയില്‍ പതിനെട്ടു കോടി മാത്രമാണ് നല്‍കിയതെന്ന് കടകംപള്ളി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

കാര്യങ്ങള്‍ മനസിലാക്കാതെയാണ് കണ്ണന്താനം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. 2006ലാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചത്. 99 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതില്‍ പതിനെട്ടു കോടി രൂപയാണ് ഇതുവരെ തന്നത്. 36 മാസമാണ് ഈ പദ്ധതികളുടെ നടപ്പാക്കല്‍ സമയം. നൂറോളം പദ്ധതികള്‍ക്കായാണ് ഈ തുകയെന്നും ഇവ നടപ്പാക്കിവരികയാണെന്നും കടകംപള്ളി പറഞ്ഞു. 

കാര്യമായ പരിശോധനകള്‍ ഇല്ലാതെ ഓരോ പദ്ധതിക്കും എത്ര പണം വേണമെന്നു പോലും നോക്കാതെയാണ് തുക അനുവദിച്ചത്. പമ്പയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഇരുപതു കോടി രൂപയാണ് അനുവദിച്ചത്. ഇതിന് 65 കോടി രൂപ വേണം. സാങ്കേതിക മികവോടെ സ്ഥാപിക്കാന്‍ സമയം വേണ്ടിവരും. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ഉന്നതാധികാര സമിതിയുടെ മേല്‍നോട്ടത്തിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നു പോലും മനസിലാക്കാതെയാണ് കണ്ണന്താനം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. 

പടിതുറൈ ആണ് കേന്ദ്രം പണം നല്‍കുന്ന മറ്റൊരു പദ്ധതി. ഇതു നടപ്പാക്കാന്‍ ഒന്‍പതു വകുപ്പുകളുടെ സഹകരണം വേണം. നിലവില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ലൈന്‍, സിസിടിവി ക്യാമറ, പമ്പിങ് ലൈന്‍, കേബിളുകള്‍ എന്നിവയും ആശുപത്രിയും മാറ്റിയാലേ ഇതു നടപ്പാക്കാനാവൂ. ഇതിനു കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ട്. ജനുവരി ഇരുപതു കഴിഞ്ഞാല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ശബരിമലയില്‍ ടൈഗര്‍ റിസര്‍വിന്റെയും വൈല്‍ഡ് ലൈഫ് അധികൃതരുടെയും അനുമതി വൈകിയതാണ് പദ്ധതികള്‍ വൈകിച്ചത്. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. 

ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് സുപ്രിം കോടതി എംപവേഡ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നിര്‍ദേശാനുസരണമാണ് നിര്‍മാണങ്ങള്‍ സാധ്യമാവുക. മാസ്റ്റര്‍ പ്ലാനിനു പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലക്കിയിരിക്കുകയാണ്. ഫലത്തില്‍ നിര്‍മാണത്തിന് സ്റ്റേ ആണുള്ളത്. നേരത്തെ നടത്തിയ നിര്‍മാണങ്ങളില്‍ കുറെ വെള്ളപ്പൊക്കത്തില്‍ നഷ്ടമായി. ശേഷിച്ച തുക ചെലവഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്ന് കടകംപള്ളി പറഞ്ഞു. 

ശബരിമല വിഷയം ആളിക്കത്തിച്ച് പത്ത് വോട്ടു കിട്ടുമോയെന്നാണ് ബിജെപി നോക്കുന്നത്. ഇതു കേരളീയ സമൂഹം തിരിച്ചറിയും. മലയിലേക്ക് കേന്ദ്രമന്ത്രിമാര്‍ വരുന്നതു നല്ലതാണ്. അവര്‍ ഭരണഘടന അനുസരിച്ച് ചുമതലയേറ്റവരാണ്. കെപി ശശികലയെയും കെ സുരേന്ദ്രനെയും പോലെ ഗുണ്ടായിസത്തിനു നേതൃത്വം നല്‍കാന്‍ അവര്‍ക്കു കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com