കൊലപാതകത്തിനായി പ്രതി വിദേശത്ത് നിന്നും രണ്ട് ദിവസത്തെ അവധി എടുത്തെത്തി, മരണം ഉറപ്പാക്കാന്‍ ഭാര്യ കഴുത്തു മുറിച്ചു, കൊല കാമുകനൊപ്പം ജീവിക്കാന്‍, സവാദ് കൊലപാതകത്തിലെ ചുരുളഴിയുന്നു

സവാദിന്റെ ഭാര്യ സൗജത്തും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ്
കൊലപാതകത്തിനായി പ്രതി വിദേശത്ത് നിന്നും രണ്ട് ദിവസത്തെ അവധി എടുത്തെത്തി, മരണം ഉറപ്പാക്കാന്‍ ഭാര്യ കഴുത്തു മുറിച്ചു, കൊല കാമുകനൊപ്പം ജീവിക്കാന്‍, സവാദ് കൊലപാതകത്തിലെ ചുരുളഴിയുന്നു

മലപ്പുറം : താനൂരിലെ മല്‍സ്യതൊഴിലാളി സവാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലെടുത്ത സവാദിന്റെ ഭാര്യ കുറ്റം സമ്മതിച്ചു. കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിനായി പ്രതി വിദേശത്ത് നിന്നും രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഭര്‍ത്താവ് സവാദിന്റെ കഴുത്ത് മുറിച്ചത് താനാണെന്നും, മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സൗജത്ത് പൊലീസിനോട് പറഞ്ഞു. കാമുകനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുത്ത സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് ബുധനാഴ്ച രാത്രിയാണ് വാടക വീട്ടില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട്  മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറിവുകളുമുണ്ട്. നെറ്റിയിലെ മുറിവ് മരക്കഷണമോ ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റേതാകാമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.

ബുധനാഴ്ച രാത്രി കറണ്ട് പോയതുകാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയിരുന്നു. പിന്‍വശത്തെ വാതില്‍ വഴിയാകാം കൊലയാളി അകത്തുവന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്ക് നീണ്ടത്. മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. 

രണ്ടു വര്‍ഷമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട് . മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. ബുധനാഴ്ചയും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. സവാദ്-സൗജത്ത് ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com