യുപിയില്‍ നടക്കുന്നത് ദുരന്തം; 2019ലെ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി വക്താവ്

ഉത്തര്‍പ്രേദേശില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ദുരന്തപൂര്‍ണമെന്ന് ബിജെപി വക്താവ് - 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലെ ബിജെപിയുടെ പദ്ധതികളെ തകിടം മറിക്കും 
യുപിയില്‍ നടക്കുന്നത് ദുരന്തം; 2019ലെ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി വക്താവ്

ലഖ്‌നോ: ഉത്തര്‍പ്രേദേശില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ദുരന്തപൂര്‍ണമെന്ന് ബിജെപി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലെ ബിജെപിയുടെ പദ്ധതികളെ തകിടം മറിക്കുന്നതാണ് ഇതെന്ന് അവര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. 

ബിജെപി എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസും ദളിത് വിഭാഗത്തിനെതിരെ ഉണ്ടാകുന്ന നിരന്തര ആക്രമണവും പാര്‍ട്ടിക്കെതിരെ ദളിത് വിഭാഗങ്ങള്‍ ഒന്നാകാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇരയായ  പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. പിതാവിന്റെ കൊലപാതകത്തില്‍ എംഎല്‍എയുടെ സഹോദരന്റെ പങ്ക് വെളിപ്പെടുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം ഇപ്പോഴും സംസ്‌കരിച്ചിട്ടില്ല. മറ്റൊരു ബിജെപി എംപിക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെതിരെയുള്ള ലൈംഗിക കേസ് റദ്ദാക്കാനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.  ഭരണഘടനാ ശില്‍പി അംബേദ്ക്കറുടെ പ്രതിമകള്‍ തകര്‍ക്കലും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. അംബേദ്കറുടെ പ്രതിമക്ക് കാവിനിറം നല്‍കിയതിന് പിന്നാലെ ബിഎസ്പി പ്രവര്‍ത്തകര്‍ നീലം നിറം പൂശിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം സംസ്ഥാനത്ത് ദളിത് വിരുദ്ധ വികാരം ആളിക്കത്തിക്കാനും ഭരണവിരുദ്ധവികാരം ഉണ്ടാക്കുന്നതായും ബിജെപി വക്താവ് ചൂണ്ടിക്കാണിക്കുന്നു. 

യോഗിയുടെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ബദ്ധവൈരികളായ മായാവതിയും അഖിലേഷും യാദവും ഒരേക്കുടക്കീഴില്‍ അണിനിരന്നു. അതിന്റെ ഭാഗമായി സമീപകാലത്ത് നടന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. നിയമസഭയില്‍ മഹാവിജയം നേടിയ ബിജെപിയുടെ നിറം മങ്ങുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു ഉപതെരഞ്ഞടുപ്പ് ഫലം. രാജ്യസഭയില്‍ കുതിരക്കച്ചവടം നടത്തി എതിര്‍കക്ഷി എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിച്ചതും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com