സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാലസമരം തുടങ്ങി ; രോ​ഗികൾ വലയുന്നു

ആവശ്യമായ ഡോക്​ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ  കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്​ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സമരം
സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാലസമരം തുടങ്ങി ; രോ​ഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അനിശ്ചിതകാലസമരം ആരംഭിച്ചു. ആവശ്യമായ ഡോക്​ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്​ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒ.പികൾ  പ്രവർത്തിക്കില്ല. നാളെ മുതൽ രോ​ഗികളെ കിടത്തി ചികിൽസിക്കില്ലെന്നും​​ കേരള ​ഗവൺമെന്റ്​ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 

സമരം അറിയാതെ രാവിലെ ആശുപത്രികളിലെത്തിയ രോ​ഗികൾ വലഞ്ഞു. ഇന്നലെ വൈകി സമരം പ്രഖ്യാപിച്ചതിനാൽ പലരും ഇക്കാര്യം അറിഞ്ഞിരുന്നുമില്ല. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്​ന ഒ.പികൾ തുടങ്ങിയതിൽ പ്രതിഷേധിച്ച്​ ജോലിയിൽനിന്ന്​ വിട്ടുനിന്ന പാലക്കാട്​ കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.  ലതികയെ സസ്പെന്റ്​ ചെയ്യുകയും രണ്ട്​ ഡോക്​ടർമാർക്ക്​ നോട്ടീസ്​  നൽകുകയും ചെയ്​തതിനെത്തുടർന്നാണ്​ ഡോക്​ടർമാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്ക്​ കടന്നത്​. നിലവിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ രണ്ടുവരെയാണ്​ ഒ.പികൾ പ്രവർത്തിക്കുന്നത്​. 

ഡോക്ടർമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാർ നിലപാട്. എന്‍ആര്‍എച്ച്എം  ഡോക്ടക്മാരെ നിയോഗിച്ച് സമരത്തെ നേരിടാന്‍ തന്നെയാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്പോള്‍  ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com