പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുത്, സെല്‍ഫി എടുക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി; ജനം പുറത്തിറങ്ങരുതെന്ന് പാലക്കാട് ജില്ലാ കലക്ടര്‍

സംസ്ഥാനത്ത് ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള ദുരന്തനിവാരണ അതോറിറ്റി.
പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുത്, സെല്‍ഫി എടുക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി; ജനം പുറത്തിറങ്ങരുതെന്ന് പാലക്കാട് ജില്ലാ കലക്ടര്‍

കൊച്ചി: സംസ്ഥാനത്ത് ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയില്‍ പുഴകളിലുടെ വെളളം കുത്തിയൊഴുകി വരുന്ന സാഹചര്യത്തില്‍ പാലങ്ങളിലും നദിക്കരയിലും ജനം കൂട്ടം കൂടി നില്‍ക്കരുത്. വെളളത്തിന്റെ ഒഴുക്ക് കാണാന്‍ വരരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കനത്തമഴയിലും നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്ത് 22 ഡാമുകളാണ് തുറന്നുവിട്ടിരിക്കുന്നത്. ഇതിന് പുറമേ കനത്തമഴയില്‍ ഉരുള്‍പൊട്ടി വിവിധ പ്രദേശങ്ങളില്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാനിര്‍ദേശം.

കനത്തമഴയിലും ഡാമുകള്‍ തുറന്നുവിട്ട പശ്ചാത്തലത്തിലും പുഴകള്‍ നിറഞ്ഞുകവിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് സെല്‍ഫി എടുക്കാന്‍ ജനം തയ്യാറാവരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെളളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.അതേസമയം ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും പാലക്കാട് ജില്ലാ  കലക്ടര്‍ ഡി ബാലമുരളി മുന്നറിയിപ്പ് നല്‍കി.  

ഇതിനിടെ മഴക്കെടുതിയില്‍ ജനത്തിന് സഹായഹസ്തവുമായി ദുരന്തപ്രതികരണസേനയുടെ 100 പേര്‍ അടങ്ങുന്ന രണ്ട് സംഘം കോഴിക്കോട് എത്തും. ഈ ദിവസങ്ങളില്‍ ഏറ്റവുമധികം മഴക്കെടുതി അനുഭവപ്പെട്ടത് കോഴിക്കോടും സമീപ ജില്ലകളിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com