ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മരണം 29

ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതകളുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്
ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മരണം 29

തിരുവനന്തപുരം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ടു ജില്ലകളില്‍ ദുരന്ത നിവാരണ അതോറിറ്റി അതിജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതകളുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 29 പേരാണ് ജീവന്‍വെടിഞ്ഞത്. 

വയനാട്ടില്‍ 14 വരെയും ഇടുക്കിയില്‍ 13 വരെയുമാണ് റെഡ് അലേര്‍ട്ട്. വയനാട്ടില്‍ 14 വരെയും ഇടുക്കിയില്‍ 13 വരെയുമാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ശനിയാഴ്ചവരെ അതിജാഗ്രതാനിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാനൂറിലേറെ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിനിടെ കനത്ത മഴ 14 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ 29 പേര്‍ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. 25 പേര്‍ മണ്ണിടിച്ചിലിലും നാലുപേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാട്ടും എറണാകുളത്തുമാണ് രണ്ടുപേര്‍വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട്ട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെ വീതവും കാണാതായി. 21 പേര്‍ക്ക് പരിക്കേറ്റു.

മഴക്കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് യാത്ര. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം.

ഇടുക്കിയിലും വയനാട്ടിലും ആലുവയിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ ആലോചിക്കുന്നുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും. വെള്ളപ്പൊക്ക പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com