വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കെഎസ്ഇബി

പൊതുസ്ഥലങ്ങളിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സമീപത്ത് പോകാതിരിക്കുക
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കെഎസ്ഇബി


കൊച്ചി: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പേമാരിയുടെയും പ്രളയത്തിന്റെയും പിടിയിലാണ്. വൈദ്യുതി നില പുനസ്ഥാപിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും അടിയന്തിര നടപടികളാണ് വകുപ്പ സ്വീകരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.ദിവസങ്ങളായി തുടരുന്ന പേമാരിയിലും ഉരുള്‍ പൊട്ടലിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ അപകടം ഒഴിവാക്കാനായി നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. മറിഞ്ഞു വീണ പോസ്റ്റുകളും ലൈനുകളും നേരെയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

അവധി ദിവസമെന്നത് കണക്കാക്കാതെ എല്ലാ ജിവനക്കാരോടും വൈദ്യുതി നില പുനസ്ഥാപിക്കുന്നതിനുള്ള ജോലികളില്‍ പങ്കെടുക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മഴക്കാലങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞും മരം വീണും ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ സുരക്ഷിത അകലം പാലിച്ച് അപകടമൊഴിവാക്കണമെന്നും ആ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലോ വിളിച്ചറിയിക്കാവുന്നതാണ്.

വൈദ്യുതി നില പുന സ്ഥാപിക്കുന്നതില്‍ കെ.എസ്.ഇ.ബി യുടെ എല്ലാ ജീവനക്കാരും കരാര്‍കാരും ബദ്ധശ്രദ്ധരായി ഈ ജോലികളില്‍ വ്യാപൃതരായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ജിവനക്കാരോട് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വകുപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്


പ്രളയക്കെടുതിയ്ക്കിടെ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ഏവരും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാകാം മുന്‍കരുതലുകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെകെ.എസ്.ഇ.ബി. സുരക്ഷാവിഭാഗം നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് ചുവടെ.

* പൊതുസ്ഥലങ്ങളിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സമീപത്ത് പോകാതിരിക്കുക. 

* വൈദ്യുതി ലൈനുകളില്‍ മുട്ടി നില്‍ക്കുന്ന മരങ്ങളിലും ശിഖരങ്ങളിലും തൊട്ടാല്‍ അപകടസാധ്യതയുണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ മേല്‍സൂചിപ്പിച്ച നമ്പറുകളില്‍ അറിയിക്കുക.

* പൊതുനിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതികമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, വൈദ്യുതലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

* വെള്ളം കയറിയാല്‍ കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതികണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

* ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യുപിഎസ് എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കുക.

* കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക.

* മൊബൈലും, ചാര്‍ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

* ഓര്‍ക്കുക, കുറച്ച് ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ ആപത്തിലാകന്‍, സ്വയം കരുതിയിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com