ആശ്വാസം; തോരാമഴക്ക് ഇന്നോടെ ശമനമാകുമെന്ന് വിവിധ ഏജന്‍സികള്‍ 

ഇന്ന് മുതല്‍ മഴയുടെ ശക്തി ഗണ്യമായി കുറയുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍
ആശ്വാസം; തോരാമഴക്ക് ഇന്നോടെ ശമനമാകുമെന്ന് വിവിധ ഏജന്‍സികള്‍ 

കൊച്ചി: ഇന്ന് മുതല്‍ മഴയുടെ ശക്തി ഗണ്യമായി കുറയുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍. പേമാരിക്കും പ്രളയത്തിനും കാരണമായ തോരാമഴക്ക് ഇന്നത്തോടെ ശമനമാകും. കേരളത്തെ നിലവിലെ സാഹചര്യത്തില്‍ മഴ കുറയുമെന്ന നിഗമനത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും വിദേശ കാലാവസ്ഥാ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങളും വ്യക്തമാക്കി.

ഇന്നലെ കരതൊട്ട അതിന്യൂനമര്‍ദം (ഡിപ്രഷന്‍) ഇന്ന് പുലര്‍ച്ചെ 5.30നുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് തെക്ക് പടിഞ്ഞാറന്‍ പ്രാദേശിനും ഗുജറാത്തിനും സമീപമാണ് ഡിപ്രഷനുള്ളത്. ബറോഡയില്‍ നിന്ന് 270 കി.മി കിഴക്ക് തെക്കു കിഴക്കുള്ള ഡിപ്രഷന്‍ അടുത്ത 12 മണിക്കൂറില്‍ ദുര്‍ബലപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലെ പുതിയ റഡാര്‍ ചിത്രങ്ങളും വിദേശ കാലാവസ്ഥാ ഏജന്‍സികളുടെ വിവരങ്ങളും വിലയിരുത്തുമ്പോള്‍ മധ്യകേരളത്തില്‍ എതാനും മണിക്കൂറുകള്‍ കൂടി കനത്ത മഴ തുടരുമെങ്കിലും ശക്തി കുറയാനും ഇടവേളകള്‍ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേരളത്തിലെ കാലാവസ്ഥാമാറ്റം വിലയിരുത്തുന്ന കേരള വെതര്‍ അപ്‌ഡേറ്റ്‌സ് ഫേയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു.

എറണാകുളം, ഇടുക്കി, ജില്ലയിലാണ് മഴക്ക് സാധ്യതയുള്ളത്. വടക്കന്‍ ജില്ലകളിലും തെക്കന്‍ കേരളത്തിലും മഴ കുറയുമെന്നും ചില ജില്ലകളില്‍ ഇന്ന് അല്‍പ നേരമെങ്കിലും വെയില്‍ പ്രതീക്ഷിക്കാം. സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടായിരിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്. 

ഡിപ്രഷന്‍ ഇന്ത്യയുടെ കിഴക്കേ അറ്റത്തു നിന്ന് മധ്യഭാഗത്തേക്ക് നീങ്ങിയതോടെ അറബിക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തിനു കുറുകെ വേഗത്തില്‍ സഞ്ചരിക്കുന്ന സാഹചര്യം കുറയ്ക്കുന്നതാണ് മഴയുടെ തീവ്രത കുറയ്ക്കുന്നതെന്നും കര്‍ണാടക കേരള തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദ പാത്തിയും കാലവര്‍ഷക്കാറിന്റെ അനുകൂല ഘടകവും തുടരുന്നതാണ് ഡിപ്രഷന്‍ ദുര്‍ബലപെട്ടാലും കേരളത്തില്‍ മഴ തുടരുന്നതിന് കാരണമെന്നും അടുത്ത ദിവസത്തോടെ ന്യൂനമര്‍ദ പാത്തിയും ദുര്‍ബലമാകുന്നതോടെ കേരളത്തില്‍ ചാറ്റല്‍ മഴയായി മാറുമെന്നും ഇവര്‍ വിശദീകരിച്ചു.

ഇന്നു രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ തീരപ്രദേശത്തും ലക്ഷദ്വീപിലും തിരമാലകളുടെ ഉയരം 3.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക, വടക്കന്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com