'കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങൾക്ക് കാശ് വേണ്ട, സർ' ; പിണറായി വിജയന് നന്ദി പറഞ്ഞ് മൽസ്യതൊഴിലാളി ( വീഡിയോ ) 

സാർ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മൽസ്യ തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു
'കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങൾക്ക് കാശ് വേണ്ട, സർ' ; പിണറായി വിജയന് നന്ദി പറഞ്ഞ് മൽസ്യതൊഴിലാളി ( വീഡിയോ ) 

കൊച്ചി : പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഹോരാത്രം പ്രവർത്തിച്ച മൽസ്യതൊഴിലാളികളെ പ്രകീർത്തിക്കുകയാണ് സംസ്ഥാനത്തെമ്പാടും. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മൽസ്യതൊഴിലാളികളെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഇവർക്ക്  സർക്കാർ പണം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ  തകർന്ന ബോട്ടുകൾ നന്നാക്കി നൽകാമെന്നും ഉറപ്പു നൽകി. 

എന്നാൽ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി പണം വേണ്ട എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോർട്ടുകൊച്ചിക്കാരനായ മൽസ്യതൊഴിലാളി ഖായിസ് മുഹമ്മദ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഖായിസ് സ്നേഹത്തോടെ പണം നിരസിച്ചത്. 

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോർട്ട് കൊച്ചിയിലാണ്. ഞാനൊരു മൽസ്യ തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.  
ഞാനും എന്റെ മൽസ്യതൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി പോയിരുന്നു. അതിൽ പങ്കെടുത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാൻ കേട്ടിരുന്നു, സാർ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മൽസ്യ തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാൽ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയ മൽസ്യതൊഴിലാളികള്‍ക്ക് 3000  രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങൾക്ക് വേണ്ട. 

സാർ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങൾക്ക് മറ്റ് ഉപജീവന മാർഗങ്ങൾ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങൾക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാൻ നിർത്തുന്നു'. ഇതാണ് ഖായിസ് മുഹമ്മദിന്റെ വാക്കുകൾ.

നിരവധിപേരാണ് ഖായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലുമായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com