'പിണറായിയെ അല്ല, അത് എംകെ മുനീര്‍ സ്വന്തം ഇമേജ് പൊളിച്ചടുക്കിയ മെസേജ്'

'പിണറായിയെ അല്ല, അത് എംകെ മുനീര്‍ സ്വന്തം ഇമേജ് പൊളിച്ചടുക്കിയ മെസേജ്'
'പിണറായിയെ അല്ല, അത് എംകെ മുനീര്‍ സ്വന്തം ഇമേജ് പൊളിച്ചടുക്കിയ മെസേജ്'


മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ ശകലത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്. പിണറായിയെ പൊളിച്ചടുക്കുന്ന മെസേജ് എന്ന പേരില്‍ പ്രചരിക്കുന്ന മെസേജ് എംകെ മുനീറിന്റെ ഇമേജ് ഒന്നടങ്കം പൊളിച്ചടുക്കുന്ന മെസേജായാണ് വായിക്കപ്പെടുകയെന്ന്, അബ്ദുല്‍ ഹക്കീം എഴുതിയ കുറിപ്പില്‍ പറയുന്നു. ദുരന്തത്തിലമര്‍ന്ന ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പിനെ തടഞ്ഞു എന്ന പാപത്തിനുള്ള ശിക്ഷയില്‍ നിന്ന് സര്‍വശക്തനായ ദൈവം മുനീറിനെ കാത്തുരക്ഷിക്കട്ടെയെന്ന വാചകത്തോടെയാണ് ഹക്കീമിന്റെ കുറിപ്പ് അവസാനിക്കുന്നത്.

അബ്ദുല്‍ ഹക്കീം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 


പിണറായിയെ പൊളിച്ചടുക്കുന്ന സാധനം എന്ന അടിക്കുറിപ്പോടെയാണ്, ഡോ.എം.കെ.മുനീറിന്റെ ഒരു ശബ്ദ സന്ദേശം ഇന്നലെ കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോടുപമിച്ച് പരിഹസിക്കുന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തും വിധം കുറ്റപ്പെടുത്തുന്നതുമാണ് അഞ്ചര മിനിറ്റോളം വരുന്ന ആ വോയ്‌സ് ക്ലിപ്. യു.ഡി.എഫ് നേതൃയോഗം കഴിഞ്ഞതിന്റെ പിറ്റെ ദിവസമാണ് പ്രതിപക്ഷ ഉപനേതാവു കൂടിയായ മുനീര്‍ സാഹിബിന്റെ വോയ്‌സ് ക്‌ളിപ് പുറത്തുവന്നത് എന്നത് യാദൃശ്ചികമാവാനിടയില്ല !!
മൂന്ന് പ്രധാന ആരോപണങ്ങളാണ് സന്ദേശത്തിലുള്ളത്.
ഇത്രയും വലിയ ദുരന്തത്തില്‍ പെട്ടിരിക്കുന്ന ജനങ്ങളോട് മാസവരുമാനത്തിന്റെ വിഹിതം ചോദിക്കുന്ന മുഖ്യമന്ത്രി കണ്ടാമൃഗത്തെ പോലും മൃദുലചര്‍മനാക്കുന്നു എന്നതാണ് ഒന്നാമത്തെത്. വീടും കൃഷിയും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് പണം അങ്ങോട്ട് കൊടുക്കുന്നതിന് പകരം, അവരോട് ഇങ്ങോട്ട് പണം ചോദിക്കാന്‍ സാധിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോടുപമിക്കാന്‍ മുനീറിനെ പ്രേരിപ്പിക്കുന്നത്. സൂക്ഷ്മമായി കേള്‍ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കാമ്പുള്ള ഒരാരോപണമല്ല ഇത്.ദുരന്തബാധിതരോടല്ല, പ്രത്യുത ലോകത്താകമാനമുള്ള മലയാളികളോടാണ് മുഖ്യമന്ത്രി സഹായം ചോദിച്ചിരിക്കുന്നത്.എന്നാല്‍ അത്ര ആഴത്തില്‍ ആലോചിക്കാതെ കേള്‍ക്കുന്നവരില്‍ വലിയ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലാണ് ഇതിലെ ഭാഷാ പ്രയോഗം.' അവരോട് 'പണം വാങ്ങാന്‍ 'നിങ്ങള്‍ക്ക് ' നാണമില്ലേ എന്നാണ് തന്ത്രപരമായ ചോദ്യം. ജനങ്ങളെയും സര്‍ക്കാറിനെയും രണ്ട് തട്ടിലാക്കുന്ന, തമ്മില്‍ ശത്രുക്കളാക്കാന്‍ ശ്രമിക്കുന്ന, ആളുകള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവാത്ത സൃഗാല ബുദ്ധിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എല്ലാം നഷ്ടപ്പെപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളെ കുറിച്ച് പറയുന്നവരുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടി ചേര്‍ത്ത്പിടിക്കുന്ന മുനീറിന്റെ ബുദ്ധിയില്‍, പണ്ടൊരു ശ്രീനിവാസന്‍ കഥാപാത്രം പറയും പോലെ ഒരു വെടിക്ക് പക്ഷി മൂന്നാണ്.ജനങ്ങളും സര്‍ക്കാറും തമ്മില്‍ ശക്തിപ്പെട്ടിട്ടുള്ള ഐക്യം തകര്‍ക്കുക, സാമ്പത്തിക സഹായങ്ങള്‍ തടഞ്ഞ് കേരളത്തിന്റെ പുനര്‍നിര്‍മാണം മന്ദഗതിയിലാക്കുക, മുഖ്യമന്ത്രിക്കെതിരെ ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിച്ചെടുക്കുക എന്നിവയാണവ!
ദുരിതാശ്വാസ കേമ്പുകളില്‍ സര്‍ക്കാറിന് ഇതുവരെ ഒരു പൈസയും ചെലവഴിക്കേണ്ടി വന്നിട്ടില്ല, അതിനാല്‍ നാണമുള്ളവര്‍ക്ക് ഇനിയും പണം ചോദിക്കാനാവില്ല എന്നാണ് രണ്ടാമത്തെ പ്രധാന ആരോപണം. സൗജന്യ റേഷന്‍ പോലും കൊടുത്തിട്ടില്ല എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരിയല്ലേ എന്ന് ചിലരെങ്കിലും വിചാരിച്ചു പോവും വിധമാണ് ഈ ആരോപണവും ഉന്നയിച്ചിട്ടുള്ളത്.ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും റിലീഫ് പ്രവര്‍ത്തനങ്ങളിലും വമ്പിച്ച ജനകീയ ഇടപെടലുകള്‍ നടന്നു എന്നതും പൊതു ഖജനാവില്‍ നിന്ന് അധികം തുക ചെലവാക്കേണ്ടി വന്നില്ല എന്നതും ആര്‍ക്കാണറിയാത്തത്? എന്നാല്‍ ഇനിയങ്ങോട്ട് നടക്കേണ്ട പുനരധിവാസം, പുനര്‍നിര്‍മാണം എന്നീ ഘട്ടങ്ങള്‍ പിന്നിടാന്‍ ഏതാണ്ട് എട്ട് വര്‍ഷം വേണ്ടിവരുമെന്നും ഒരു ലക്ഷം കോടിയോളം രൂപ ഇതിനായി കണ്ടെത്തേണ്ടിവരുമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.ഇതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ അവതരിപ്പിച്ച സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കും വിധം, രണ്ടാഴ്ച കാലത്തെ ചെലവില്ലാത്ത ദുരിതാശ്വാസറിലീഫ് പ്രവര്‍ത്തനങ്ങളെ ഉദാഹരിക്കുന്ന ഡോക്ടര്‍ എം.കെ.മുനീര്‍ വിവരക്കേട് പറയുകയാവും എന്ന് വിചാരിക്കാന്‍ പ്രയാസമാണ്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന് പറയുന്ന അമ്മായിയമ്മ കോംപ്ലക്‌സിന്റെ ആള്‍രൂപമായി മുദ്രകുത്തപ്പെടാന്‍ മുനീര്‍ സര്‍വ്വാത്മനാ യോഗ്യനായിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി!
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സുമനസുകളായ ആളുകളയച്ചിട്ടുള്ള സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിട്ടുകിട്ടുന്നതിനുള്ള നിയമതടസങ്ങളാണ് വികാരവിക്ഷുബ്ധനായി അദ്ദേഹം ഉന്നയിക്കുന്ന മൂന്നാമത്തെ ആരോപണം.പാര്‍സലുകളെടുക്കാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെത്തിയവരെ തടഞ്ഞ ജില്ലാ കലക്ടറെയും അതിന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്ന മുനിര്‍ സാഹിബ്, ജനങ്ങള്‍ക്കുള്ള സഹായം തടഞ്ഞുവെക്കാന്‍ നിങ്ങളൊക്കെ ആരാണെന്ന വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്. എയര്‍ കാര്‍ഗോയിലെത്തുന്ന പാര്‍സലുകള്‍ വിട്ടു കൊടുക്കുന്നതിനു മുമ്പുള്ള പരിശോധനകളെ കുറിച്ചറിയാത്തവരല്ല നമ്മളാരും തന്നെ. നല്ലവരായ ആളുകള്‍ ശേഖരിച്ചയക്കുന്ന പാര്‍സലുകളുടെ കൂട്ടത്തില്‍ ഏതെങ്കിലും ഒരാള്‍, അല്ലെങ്കില്‍ ഒരു മാഫിയാ സംഘം തന്നെ നുഴഞ്ഞു കയറിയാല്‍ എന്തായിരിക്കും ഫലം? സ്വര്‍ണംമുതല്‍ ലഹരിമരുന്നുകളും ആയുധങ്ങളും വരെ കടത്തിക്കൊണ്ടുവരാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം എന്ന സംശയത്തില്‍, എത്തിയിട്ടുള്ള മുഴുവന്‍ പാര്‍സലുകളും സൂക്ഷമ പരിശോധന കഴിഞ്ഞ ശേഷമേ വിട്ടുകൊടുക്കാവൂ എന്ന തീരുമാനം എങ്ങനെയാണ് തെറ്റായിത്തീരുക? അയച്ചതാര്, സ്വീകരിക്കുന്നതാര് എന്നൊക്കെ പറഞ്ഞാല്‍ മാത്രമേ നിങ്ങള്‍ വിട്ടുകൊടുക്കുകയുള്ളൂ എന്ന വിണ്ഢിച്ചോദ്യം മുന്‍ മന്ത്രി കൂടിയായ മുനീറില്‍ നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാനാവാത്തതാണ്.ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ടും സാധനങ്ങള്‍ വിട്ടുകൊടുക്കാന്‍ നിര്‍ബദ്ധം പിടിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തന്നെ സംശയിക്കപ്പെടും എന്ന് മനസിലാക്കാനുള്ള ബുദ്ധി കാണിച്ചില്ല എന്നത് മുസ്ലീം ലീഗിന്റെ സഭാ നേതാവിന് സംഭവിച്ച ഗുരുതരമായ പിഴവാണ് !!!
''പൊളിച്ചടുക്കുന്ന മെസേജ് ' എന്ന ലീഗ് സുഹൃത്തിന്റെ കമന്റ് കറക്ടാണ്. പക്ഷെ ആരെ പൊളിച്ചടുക്കുന്ന എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം എഴുത്തുകാരന്‍,ഭിഷഗ്വരന്‍, കലാകാരന്‍, പുസ്തക പ്രസാധകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വ്യക്തിത്വത്തിനുടമയായിരുന്ന ഡോ.എം.കെ.മുനീര്‍, തന്റെ ഇമേജ് ഒന്നടങ്കം സ്വയം പൊളിച്ചടുക്കിയ ഒരു മെസേജായാണ് കാലം ഇതിനെ വായിച്ചെടുക്കുക. മതത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലീം ലീഗിന്റെ നേതാവിനെ, ദുരന്തത്തിലമര്‍ന്ന ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പിനെ തടഞ്ഞു എന്ന പാപത്തിനുള്ള ശിക്ഷയില്‍ നിന്ന് സര്‍വശക്തനായ ദൈവം കാത്തുരക്ഷിക്കട്ടെ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com