പുഴയില്‍ വലിയ മീനുകളുടെ ചാകര, ആശങ്ക തീര്‍ത്ത് പിരാന; കടലില്‍ മത്സ്യോല്‍പാദനം വര്‍ധിക്കും

പെട്ടെന്ന് പെറ്റു പെരുകുന്ന പ്രകൃതമാണ് പിരാനയുടേത്. ഇത് കൂട്ടത്തോടെ ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത് പരിശോധിച്ച് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പുഴയില്‍ വലിയ മീനുകളുടെ ചാകര, ആശങ്ക തീര്‍ത്ത് പിരാന; കടലില്‍ മത്സ്യോല്‍പാദനം വര്‍ധിക്കും

കൊച്ചി: പ്രളയത്തിന് ശേഷം വെള്ളം ഇറങ്ങിയതോടെ പുഴയില്‍ വലിയ മീനുകള്‍ ധാരാളമായി എത്തി. പെരിയാറിലെ വരാപ്പുഴ പള്ളിക്കടവ്, ചേരാനല്ലൂര്‍ കടവ്, ചൗക്ക, ബ്ലായിക്കടവ് തുടങ്ങിയ ഭാഗങ്ങളില്‍ എല്ലാം ചൂണ്ടയിട്ടവര്‍ക്കെല്ലാം കഴിഞ്ഞ ദിവസം മുതല്‍ ചാകരയാണ്. 

പിരാനയാണ് കൂടുതലായും ചൂണ്ടയിടുന്നവര്‍ക്ക് ലഭിച്ചത്. ചെമ്പല്ലി, കാളാഞ്ചി തുടങ്ങിയവയും കൂട്ടത്തിലുണ്ട്. പെരിയാറില്‍ വ്യാപകമായി നടത്തിയിരുന്ന കൂടു കൃഷിയിലെ മീനുകളാണ് പ്രളയത്തെ തുടര്‍ന്ന് പുഴയിലേക്കെത്തിയിരിക്കുന്നത്. ഇടത്തോടുകളില്‍ വരെ വലിയ മത്സ്യങ്ങള്‍ ചൂണ്ടയിടുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. 

പക്ഷേ ഇപ്പോള്‍ വ്യാപകമായി ലഭിക്കുന്ന പിരാന പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ഇടയിലും മത്സ്യത്തൊഴിലാളികളിലും ആശങ്ക തീര്‍ത്തിട്ടുണ്ട്. പെട്ടെന്ന് പെറ്റു പെരുകുന്ന പ്രകൃതമാണ് പിരാനയുടേത്. ഇത് കൂട്ടത്തോടെ ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത് പരിശോധിച്ച് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

എന്നാല്‍ പ്രളയം ഉള്‍നാടന്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുമ്പോള്‍ കടലില്‍ മത്സ്യോല്‍പാദനം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രളയത്തിന് മുന്‍പും പിന്‍പുമുള്ള മല്‍സ്യ മേഖലയെ കുറിച്ച് ഗവേഷണ ഏജന്‍സികള്‍ പഠനം ആരംഭിച്ചു. 

അതിശക്തമായ മഴയും, ഉരുള്‍പൊട്ടലും, അണക്കെട്ടില്‍ നിന്നുമുള്ള വെള്ളത്തിന്റെ കുത്തൊഴുക്കുമെല്ലാം ഉള്‍നാടന്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ത്തു. ചെളിയും ഒഴുക്കും വെള്ളത്തില്‍ പ്രാണവായുവിന്റെ അളവ് കുറച്ചു. ആഹാര രീതിയിലും ലഭ്യതയിലും മാറ്റമുണ്ടായി. പ്രജനന മേഖലകള്‍ ഇല്ലാതെയായി. 

മീന്‍ കുഞ്ഞുങ്ങളുടെ നിലനില്‍പ്പ് പോലും അപകടത്തിലായതോടെ മത്സ്യ
സമ്പത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രളയ ജലം എത്തിയ തീരക്കടലില്‍ ഉപ്പിന്റെ അംശം കൂടിയതിനെ തുടര്‍ന്ന് ചാള, അയല, പോലുള്ള മല്‍സ്യങ്ങളുടെ അളവ് കുറയാന്‍ സാധ്യതയുണ്ട്. 

2013ലുണ്ടായ കനത്ത മഴയെ തുടര്‍ന്നും ചാളയുടേയും അയലയുടേയും അളവ് കുറഞ്ഞിരുന്നു. എന്നാല്‍ പ്രളയ ജലത്തിലെ ചെളി അടിഞ്ഞു കഴിഞ്ഞാല്‍ കടല്‍ മല്‍സ്യങ്ങള്‍ക്ക് നല്ല കാലമാണെന്നാണ് പറയപ്പെടുന്നത്. പ്രളയ ജലത്തില്‍ ഒഴുകി എത്തിയ പ്ലവകങ്ങള്‍ ചെറു മല്‍സ്യങ്ങള്‍ക്ക് നല്ല ഭക്ഷണം ആണെന്നതാണ് ഇതിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com