പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് ആയിക്കൂടേയെന്ന് ഹൈക്കോടതി; സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിരിവ് ഓഡിറ്റ് ചെയ്യണം

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അനുവദിച്ച പണം അവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് ആയിക്കൂടേയെന്ന് ഹൈക്കോടതി; സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിരിവ് ഓഡിറ്റ് ചെയ്യണം

കൊച്ചി:  പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അനുവദിച്ച പണം അവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക സംവിധാനം ആവശ്യമെങ്കില്‍ അതിന് രൂപം നല്‍കണം. ദുരിതാശ്വാസത്തിനായി എത്തുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിനെകുറിച്ച് ആലോചിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വെളളിയാഴ്ച അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 

ദുരിതാശ്വാസനിധിയിലേക്ക് വരുന്ന തുക മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. കിട്ടിയ പണത്തിന്റെ കൃത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പണപ്പിരിവും
ഓഡിറ്റ് ചെയ്യണമെന്ന് കോടതി പറഞ്ഞു.പൂഴ്ത്തിവെയ്പ്പ്, നികുതിവെട്ടിപ്പ് എന്നിവ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള നടപടികള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നാശനഷ്ടം വിലയിരുത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ തനിച്ച് പുനര്‍നിര്‍മ്മാണത്തിനുളള ഫണ്ട് കണ്ടെത്താന്‍ സാധിക്കില്ല. വിദേശ സഹായത്തിന്റെ സാധ്യതകള്‍ ആരായുന്നുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com