'ആ പോസ്റ്റ് കണ്ടപ്പോള്‍ താന്‍ എത്രത്തോളം ചതിക്കപ്പെട്ടു എന്ന് മനസിലായി, അങ്ങനെയൊരാള്‍ പരിഗണന അര്‍ഹിക്കുന്നില്ല'; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് ദീപ നിശാന്ത്

'ഇഷ്ടമുള്ള കവിത പലര്‍ക്കും അയച്ചുകൊടുക്കുന്ന കൂട്ടത്തില്‍ പണ്ടെപ്പോഴോ അയച്ചുകൊടുത്തതാണത്രേ ആ കവിത. അതല്ലല്ലോ ശരി. അങ്ങനെല്ലല്ലോ നടന്നിട്ടുള്ളത്'
'ആ പോസ്റ്റ് കണ്ടപ്പോള്‍ താന്‍ എത്രത്തോളം ചതിക്കപ്പെട്ടു എന്ന് മനസിലായി, അങ്ങനെയൊരാള്‍ പരിഗണന അര്‍ഹിക്കുന്നില്ല'; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് ദീപ നിശാന്ത്

കവിത മോഷണ വിവാദത്തില്‍ ശ്രീചിത്രന്റെ പങ്ക് തുറന്നു പറഞ്ഞ് ദീപ നിശാന്ത്. ശ്രീചിത്രന്‍ അയാളുടെ കവിതയാണെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഇത്ര പ്രമുഖനായ ഒരാള്‍ ഇത്തരമൊരു വിലകുറഞ്ഞ കാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദീപ പറഞ്ഞു. പൊതുസമൂഹത്തില്‍ താന്‍ കാരണം അയാള്‍ക്കുള്ള ഇടം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ആദ്യം അയാളുടെ പേര് പറയാതിരുന്നതെന്നും ദീപ നിശാന്ത്. 

കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് താന്‍ ആദ്യം വിചാരിച്ചതെന്നും പിന്നീട് കലേഷിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് താന്‍ ഇതേക്കുറിച്ച് കൂടുതല്‍ ബോധവതിയായതെന്നും അവര്‍ വ്യക്തമാക്കി. 'വിവാദമുണ്ടായതിന് ശേഷം ശ്രീചിത്രനോട് കാരണം തിരക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന്. കലേഷിന്റെ കവിതാസമാഹാരം 2015ലാണ് പുറത്തിറങ്ങിയത്. ബ്‌ളോഗില്‍ എഡിറ്റ് ചെയ്യാം. തീയതി മാറ്റാം, കലേഷാണ് കള്ളത്തരം കാണിച്ചത് എന്നൊക്കെയാണ് എന്നോട് ശ്രിചിത്രന്‍ പറഞ്ഞത്. കലേഷ് ഒരു കള്ളത്തരം കാണിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസംവരെ എന്റെ ധാരണ. കലേഷിന്റെ സുഹൃത്തുക്കളൊക്കെ പറയുമ്പോഴാണ് ഇതേക്കുറിച്ച് ഞാനും കൂടുതല്‍ ബോധവതിയായത്.'

അയാളുടെ പേര് എവിടെയും വലിച്ചിഴയ്ക്കണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും എന്നാല്‍ കലേഷിനോട് അയാള്‍ പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടപ്പോഴാണ് താന്‍ എത്രമാത്രം ചതിക്കപ്പെട്ടു എന്ന് മനസിലായതെന്നും ദീപ നിശാന്ത് പറഞ്ഞു. 'ഇഷ്ടമുള്ള കവിത പലര്‍ക്കും അയച്ചുകൊടുക്കുന്ന കൂട്ടത്തില്‍ പണ്ടെപ്പോഴോ അയച്ചുകൊടുത്തതാണത്രേ ആ കവിത. അതല്ലല്ലോ ശരി. അങ്ങനെല്ലല്ലോ നടന്നിട്ടുള്ളത്. ഇതുകൂടിയായപ്പോള്‍ പരിഗണന നല്‍കേണ്ട അര്‍ഹത അയാള്‍ക്കില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് സത്യം പുറത്തു പറഞ്ഞത്' ദീപ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com