'മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് ഞങ്ങള്‍ക്ക് തരേണ്ട': സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല

'കെ.ടി ജലീലിന്റെ വിഷയം സഭയില്‍ ഉന്നയിക്കാതിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയത് '
'മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് ഞങ്ങള്‍ക്ക് തരേണ്ട': സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം; നിയമസഭ തടസപ്പെടാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയുമായി സഹകരിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ് സഭയില്‍ എത്തിയതെന്നും എന്നാല്‍ അസാധാരണമായ നീക്കത്തിലൂടെ സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തില്‍ നാലാം ദിവസവും സഭ തടസപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടി സെക്രട്ടറിയുടെ രൂപത്തില്‍ വന്ന മുഖ്യമന്ത്രിയെയാണ് ഇന്ന് സഭയില്‍ കണ്ടത്. ഇത് കേരളത്തില്‍ അപൂര്‍വമാണ്. കെ.ടി ജലീലിന്റെ വിഷയം സഭയില്‍ ഉന്നയിക്കാതിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

'ശബരിമല വിഷയത്തില്‍ യുഡിഎഫ് ഉയര്‍ത്തിയ ഡിമാന്‍ഡ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ മൂന്ന് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം സഭാനടപടിയില്‍ സഹകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെക്കുറിച്ച് താന്‍ സംസാരിച്ചതിന് ശേഷം അസാധാരണമാം വിധം മുഖ്യമന്ത്രി എഴുന്നേറ്റ് തനിക്കും തന്റെ പാര്‍ട്ടിക്കും എതിരായി ആരോപണം ഉന്നയിക്കുകയായിരുന്നു' 

മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലീസ് ഞങ്ങള്‍ക്ക് തരേണ്ടെന്നും ഭരണകക്ഷി എംഎല്‍എമാര്‍ക്ക് കൊടുത്താമതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം കൊടുത്ത സ്പീക്കര്‍ അതിന് മറുപടി പറയാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയില്ല. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പോകാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കേഡറുകളാണോ എന്നും അദ്ദേഹം ചോദിച്ചു. 

സഭാ നടപടികള്‍ നടത്തരുതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ കുറിപ്പ് സ്പീക്കറിന് ലഭിച്ചതിന് ശേഷമാണ് സ്പീക്കറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായത്. കെടി ജലീലിന് എതിരായ ബന്ധുനിയമനത്തെക്കുറിച്ച് സഭയില്‍ വരരുതെന്ന ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഞങ്ങള്‍ സഹകരിക്കാം എന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി തടസം സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത് ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണെന്നും ഇതിന്റെ തെളിവാണ് വനിത മതിലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിന്ന് പിന്നോട്ടുവലിക്കും. തങ്ങള്‍ ഉന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങളില്‍ ഉത്തരം മുട്ടും എന്ന് കരുതി ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനെതിരേ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com