മുഖ്യമന്ത്രി നാലു കേസുകളില്‍ പ്രതി ; ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ 27 കേസുകളാണ് നിലവിലുള്ളത്. 12 എണ്ണത്തിന് വാറന്റുണ്ട്
മുഖ്യമന്ത്രി നാലു കേസുകളില്‍ പ്രതി ; ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്‍


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു കേസുകളില്‍ പ്രതിയാണെന്നും, അദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കേസുകളും വാറന്റുകളും ഉള്ളതുകൊണ്ടാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്ക് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ എറണാകുളം കോടതിയില്‍ നാലു കേസുകള്‍ ഉണ്ട്. രണ്ടെണ്ണത്തിനു വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. 


മുഖ്യമന്ത്രിയുടെ ന്യായമനുസരിച്ചു അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതാണ്. അതിന് ഡിജിപിക്ക് ധൈര്യമില്ലെങ്കില്‍ അദ്ദേഹം കുപ്പായമൂരി എകെജി സെന്ററില്‍ പണി എടുക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ 27 കേസുകളാണ് നിലവിലുള്ളത്. 12 എണ്ണത്തിന് വാറന്റുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. കൂടാതെ എംഎല്‍എമാരായ എം.സ്വരാജ്, സി.ദിവാകരന്‍ എന്നിവരൊക്കെ വിവിധ കേസുകളില്‍ പ്രതികളാണ്. എന്തുകൊണ്ട് ഇവരെയൊന്നും അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാധാകൃഷ്ണന്‍ ചോദിച്ചു.

ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കി നിരോധനാജ്ഞ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഹിന്ദുത്വത്തിനെ എതിര്‍ക്കുന്നതാണ് പുരോഗമനം എന്നതാണ് കമ്യൂണിസ്റ്റിന്റെ നിലപാട്. ശിവഗിരിയാണ് അവരുടെ അടുത്ത ലക്ഷ്യമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപി എംപിയും സമരപ്പന്തലിലെത്തിയിരുന്നു. എ.എന്‍ രാധാക്യഷ്ണന്റെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com