'ക്ലാസില്‍ കയറാത്ത വിരുതന്‍മാര്‍ ജാഗ്രതൈ'; വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഉടന്‍ രക്ഷിതാക്കളെ അറിയിക്കാന്‍ ആപ്പ് തയ്യാര്‍ 

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ എസ്എംഎസ് വഴി മാതാപിതാക്കളെ അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് തയ്യാറായിട്ടുളളത്
'ക്ലാസില്‍ കയറാത്ത വിരുതന്‍മാര്‍ ജാഗ്രതൈ'; വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഉടന്‍ രക്ഷിതാക്കളെ അറിയിക്കാന്‍ ആപ്പ് തയ്യാര്‍ 

കൊച്ചി: സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കും മറ്റും കറങ്ങി നടക്കുന്ന വിരുതന്‍മാര്‍ ജാഗ്രതൈ, നിങ്ങളെ തത്സമയം കുടുക്കാനുളള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ എസ്എംഎസ് വഴി മാതാപിതാക്കളെ അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് തയ്യാറായിട്ടുളളത്. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുളള 58 സ്‌കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. 

ഇവിടങ്ങളിലെ 7600 വിദ്യാര്‍ത്ഥികളെ ആപ്പിലുടെ നിരീക്ഷിക്കാനാവും. ഇതിനുളള സോഫ്റ്റ്‌വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് കുസുമം പറഞ്ഞു. പദ്ധതിക്ക് കീഴില്‍ വരുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനുളള അക്കൗണ്ട് നല്‍കും.

കൂടാതെ സ്‌കൂളുകളില്‍ നിന്ന് ഓരോ അഡ്മിന്‍മാരെ തെരഞ്ഞെടുത്ത് ഇവര്‍ക്ക് പരിശീലനം നല്‍കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുളള വിവരം ഇവരാണ് ആപ്പിലേക്ക് നല്‍കുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. എസ്എംഎസ് അലര്‍ട്ടിന് ഓരോ വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തേയ്ക്ക് പത്ത് രൂപയാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വാങ്ങുന്നത്.

രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. കുട്ടികളുടെ ഹാജര്‍നില, വൈകി വന്ന വിവരങ്ങള്‍, ലൈബ്രറി ഉപയോഗം തുടങ്ങിയവ അതതുസമയം തന്നെ രക്ഷിതാക്കള്‍ക്ക് ആപ്പ് വഴി അറിയാം. ആപ്ലിക്കേഷനില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സെക്കന്‍ഡുകള്‍ക്കകം ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളുടെ മൊബൈലില്‍ സന്ദേശമെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com