ചുരിദാര്‍ ഇഷ്ടമായില്ല, കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു: പൊലീസ് ഇടപെട്ടതോടെ ട്വിസ്‌റ്റോടു ട്വിസ്റ്റ്

ചുരിദാര്‍ ഇഷ്ടമായില്ലെന്ന പേരു പറഞ്ഞ് കാമുകന്‍ കാമുകിയുടെ കരണം അടിച്ചു പൊളിക്കുകയായിരുന്നു.
ചുരിദാര്‍ ഇഷ്ടമായില്ല, കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു: പൊലീസ് ഇടപെട്ടതോടെ ട്വിസ്‌റ്റോടു ട്വിസ്റ്റ്

സ്‌നേഹിക്കുന്നവരാണെങ്കില്‍ ഇടയ്ക്ക് വഴക്കിടുന്നതും പതിവാണ്. പക്ഷേ വഴക്കും അടിപിടിയും എല്ലാം അതിരുവിട്ട് റോഡില്‍വെച്ചാണെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമാകും. ചിലപ്പോള്‍ രണ്ടാളും രണ്ട് വഴിക്ക് പിരിയാനും കാരണമാകും. കോട്ടയത്തെ ഒരു കാമുകനും കാമുകിയുമാണ് വഴക്ക് കൂടി ശ്രദ്ധാവിഷയമായിരിക്കുന്നത്. വഴക്കിനു പിന്നിലെ കാരണം കേട്ടാല്‍ കാമുകനിട്ട് ഒന്ന് പൊട്ടിക്കാന്‍ ആര്‍ക്കാണെങ്കിലും തോന്നിപ്പോകും. 

ചുരിദാര്‍ ഇഷ്ടമായില്ലെന്ന പേരു പറഞ്ഞ് കാമുകന്‍ കാമുകിയുടെ കരണം അടിച്ചു പൊളിക്കുകയായിരുന്നു. അതും നടുറോഡില്‍ വെച്ച്. അടികിട്ടിയതിന് പിന്നാലെ പെണ്‍കുട്ടി ഉറക്കെ കരയാനും തുടങ്ങി. തുടര്‍ന്ന് ഇരുവരും രണ്ട് വഴിക്ക് പോയി. പക്ഷേ സംഭവം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. കണ്ടുനിന്ന നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അങ്ങനെ ആരും അറിയാതെ കൊണ്ടു നടന്ന പ്രണയം നാട്ടില്‍ പാട്ടായി.

ഇരുവരും ഒരേ കോളജിലെ വിദ്യാര്‍ത്ഥികളാണ്. കോളേജിലെത്തിയ പെണ്‍കുട്ടിയുടെ ചുരിദാര്‍ കാമുകന് ഇഷ്ടമായില്ല എന്നതാണ് കാരണം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. കാമുകന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ കാമുകി കോളേജില്‍ നിന്ന് ഇറങ്ങി. പിന്നാലെ കാമുകനും ബുള്ളറ്റ് എടുത്ത് കാമുകിയുടെ പിന്നാല പാഞ്ഞു. വഴിയില്‍ വെച്ച് കാമുകിയെ തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. കാമുകനെ കടന്ന് പോകാന്‍ അവള്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകന്‍ യുവതിയുടെ കരണത്തടിച്ചു. 

പെണ്‍കുട്ടി നടുറോഡില്‍ വച്ച് അലമുറയിട്ടു കരയാന്‍ തുടങ്ങിയതോടയാണ് കഥയിലെ ട്വിസ്റ്റ് ആരംഭിക്കുന്നത്. നാട്ടുകാര്‍ ഓടിക്കൂടി. എന്നാല്‍ സംഗതി കൈവിട്ടെന്നു മനസിലായ ഇരുവരും വേഗം സ്ഥലം കാലിയാക്കി. യുവാവ് ഉടന്‍ ബുള്ളറ്റില്‍ കേറി രക്ഷപ്പെടുകയും യുവതി കോളേജിലേയ്ക്കും ഓടി.

അതേസമയം സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈഎസ്പിയെ വിവരംഅറിയിച്ചു. ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെയോ യുവാവിനെയോ കണ്ടെത്താന്‍ സാധിച്ചില്ല. 

സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പോലീസ് കണ്ടെത്തി. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെ പൊലീസ് കണ്ടെത്തി. 

ശേഷം കമിതാക്കളെ കണ്ടെത്തി രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന്‍ കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി. യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com