എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടും പണം കവര്‍ന്നു, തട്ടിപ്പിന്റെ പുതുവഴി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി 

ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു നേരിട്ടു പണം ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്
എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടും പണം കവര്‍ന്നു, തട്ടിപ്പിന്റെ പുതുവഴി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി 

കോട്ടയം: ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു നേരിട്ടു പണം ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്.  ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം അക്കൗണ്ട് ഉടമകള്‍ എടിഎം കാര്‍ഡ് ബ്ലോക്കു ചെയ്താലും പണം ചോര്‍ത്തുന്നതാണു പുതിയ രീതി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബര്‍ സെല്‍ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു.

കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകര്‍ക്കാണ് പലപ്പോഴായി പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഇവര്‍ ബാങ്കില്‍ അറിയിച്ചു എടിഎം കാര്‍ഡ് ബ്ലോക്കു ചെയ്‌തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ പോയി. ഇതോടെ  ഇവരില്‍ ഒരാള്‍ ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിനു പരാതി നല്‍കി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു  അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടു നിര്‍ജീവമാക്കിയില്ലെങ്കില്‍ ഇനിയും പണം നഷ്ടപ്പെടുമെന്നാണു ആശങ്ക.

ആദ്യ തട്ടിപ്പില്‍ അര ലക്ഷം രൂപ ഇരുവര്‍ക്കും നഷ്ടപ്പെട്ടു. എന്നാല്‍ എടിഎം  ബ്ലോക്കു ചെയ്ത ശേഷം വീണ്ടും 40,000 രൂപ നഷ്ടപ്പെട്ടു. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബാങ്ക് ഓണ്‍ലൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതാണു പുതിയ രീതി. ബാങ്കില്‍ നിന്നെന്ന പേരില്‍ സംഘം ഇടപാടുകാരെ വിളിച്ചു. ഉടമയുടെ പേരും കാര്‍ഡു നമ്പറും കൃത്യമായി പറഞ്ഞ ശേഷം അപ്‌ഡേറ്റു ചെയ്യുന്നതിനായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു സംഘം അറിയിച്ചു.

തുടര്‍ന്നു തങ്ങളുടെ മൊബൈലില്‍ എത്തിയ ഒടിപി നമ്പര്‍ തട്ടിപ്പു സംഘം നിര്‍ദേശിച്ച നമ്പറിലേക്കു ഇടപാടുകാര്‍ അയച്ചു. ഇതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെട്ടുവെന്നു ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ഇടപാടുകാര്‍ അറിയാതെ ബാങ്കില്‍ നിന്നു സംഘം ആവശ്യാനുസരണം പണം എടുത്തു. എടിഎം കാര്‍ഡ് ഉടമകളുടെ ഡാറ്റാബേസ് സംഘത്തിന്റെ പക്കല്‍ എത്തിയതായി പൊലീസിനു സംശയമുണ്ട്. അക്കൗണ്ടുകളിലെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്കും ഉടമകള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com