എസ്എസ്എല്‍സി പരീക്ഷ: ഇടവേളയില്ല, കണക്ക് കഠിനമാകും 

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാന്‍ സാധ്യത
എസ്എസ്എല്‍സി പരീക്ഷ: ഇടവേളയില്ല, കണക്ക് കഠിനമാകും 

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാന്‍ സാധ്യത. സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കപ്പെടുത്തുന്നു.

2019 മാര്‍ച്ച് 13നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നത്. 25ന് സാമൂഹികശാസ്ത്രം പരീക്ഷ കഴിഞ്ഞ് തൊട്ടടുത്തദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു. ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടാക്കുന്നത്. കഴിഞ്ഞവര്‍ഷം 19 ദിവസംകൊണ്ട് നടത്തിയ പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും.

പരീക്ഷാസമയത്തിലും വിദ്യാഭ്യാസവകുപ്പ് മാറ്റംവരുത്തിയിട്ടില്ല. ഇത്തവണയും ഉച്ചയ്ക്ക് കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാസമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കുതന്നെ നടത്തുന്നതെന്നാണ് വിശദീകരണം. നിലവില്‍ ട്രഷറികളിലാണ് എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്.

കണക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ അവധിയില്ലാത്തതും കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരുന്നതും വിദ്യാര്‍ഥികളെ മാനസികമായി സമ്മര്‍ദത്തിലാക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ അതത് സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ എസ്.എസ്.എല്‍.സി. ചോദ്യപേപ്പറും അങ്ങനെ ചെയ്ത് ഇരു പരീക്ഷകളും രാവിലെ ഒരുമിച്ച് നടത്താവുന്നതാണ് എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com