ദിലീപിനെതിരെ കുറ്റം ചുമത്താനാവില്ല?; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ജനുവരി 23ലേക്കു മാറ്റി
ദിലീപിനെതിരെ കുറ്റം ചുമത്താനാവില്ല?; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ജനുവരി 23ലേക്കു മാറ്റി. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇതോടെ ഈ മാസം പതിനെട്ടിന് വിചാരണ കോടതി ദിലീപിനു മേല്‍ കുറ്റം ചുമത്തുന്നതിന് സാധ്യത മങ്ങി.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ 18ന് വിചാരണക്കോടതി കുറ്റം ചുമത്തല്‍ നടപടികളിലേക്കു കടക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി നല്‍കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവു രേഖയാണെന്നും നിയമപ്രകാരം ഇതു ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രേഖയായി കണക്കാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. മെമ്മറി കാര്‍ഡ് തെളിവു രേഖയാണോ എന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ദിലീപിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രിം കോടതിയില്‍ ആവശ്യപ്പട്ടു. അവധിക്കു ശേഷം ഇക്കാര്യം പരിഗണിക്കാന്‍ മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രിം കോടതി കേസ് ജനുവരിയിലേക്കു മാറ്റിയത്. 

തെളിവു രേഖ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി വാദം കേള്‍ക്കാനിരിക്കെ 18ന് വിചാരണക്കോടതി കുറ്റംചുമത്തല്‍ നടപടികളിലേക്കു കടക്കില്ലെന്നാണ് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിചാരണ നടപടികള്‍ നീണ്ടുപോവുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുകയെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com