തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യരുത്; ആധികാരികത പോകുമെന്ന് ഹൈക്കോടതി

ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോ​ഗിക്കാനാവില്ലെന്ന് ഹൈക്കോടതി
തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യരുത്; ആധികാരികത പോകുമെന്ന് ഹൈക്കോടതി

കൊച്ചി: ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോ​ഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ചട്ടം അനുവദിക്കുന്നില്ലെങ്കിൽ ലാമിനേറ്റ് ചെയ്ത കാർഡ് ഉപയോ​ഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് സഹകരണ സംഘം അം​ഗങ്ങളുടെ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച അപ്പീൽ പരി​ഗണിച്ചാണ് കോടതി നിർദേശം. 

ലാമിനേറ്റ് ചെയ്താൽ വെള്ളം പിടിക്കില്ലെന്നും കൃത്രിമം നടക്കില്ലെന്നുമുള്ള ​ഗുണങ്ങളുണ്ടാകാം. പക്ഷേ കാർഡിന്റെ കനം, മുദ്രണം, തിരിച്ചറിയൽ അടയാളങ്ങൾ ഇവ പരിശോധിക്കാൻ ബുദ്ധിമുട്ടാണ്. രജിസ്റ്ററിലെ ഒപ്പുമായി താരതമ്യം ബുദ്ധിമുട്ടായതു കാർഡിന്റെ നിയമ സാധുത ഇല്ലാതാക്കുമെന്നും ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആർ നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. 

ലാമിനേഷന് ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് ഒട്ടിച്ചേരുന്നത് കാർഡിന്റെ ആധികാരികത നഷ്ടപ്പെടുത്തുമെന്നു കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യുന്ന ആധാരങ്ങൾ ബാങ്കുകളോ സർട്ടിഫിക്കറ്റുകൾ വിദേശ സർവകലാശാലകളോ സാധാരണ അം​ഗീകരിക്കാറില്ല. ലാമിനേഷൻ നീക്കാൻ യന്ത്രങ്ങളുണ്ടെങ്കിലും ലാമിനേഷനേക്കാൾ ചെലവേറുമെന്ന് കോടതി പറഞ്ഞു. 

പൊലീസ് സഹകരണ സംഘം അം​ഗങ്ങൾക്കു നൽകിയ ബാർകോഡ് സഹിതമുള്ള ലാമിനേറ്റഡ് തിരിച്ചറിയൽ കാർഡ് റദ്ദാക്കി പുതിയ കാർഡ് നൽകണമെന്ന ഉത്തരവ് സം​ഗിൾ ജഡ്ജി ശരിവച്ചതിനെതിരെ അഡ്മിൻസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി നടപടി. 

ചട്ടപ്രകാരം പുതിയ കാർഡ് ഇറക്കാൻ സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയതിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പു തന്നെ ചോദ്യം ചെയ്യപ്പെടാൻ കാരണമാകും. ബാർകോഡ് ഉൾപ്പെടുത്തി ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് ചട്ടത്തിൽ അനുവദിക്കുന്നില്ല. മതിയായ ബാർകോഡ് സ്കാനറുകളും സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോ​ഗസ്ഥരുമില്ലെങ്കിൽ ബാർ കോ‍‍ഡിന് ഉപയോ​ഗമില്ലെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com