ഹോസ്റ്റല്‍ നിഷേധിച്ചു, മുസ്ലിം വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങി; കേരള വര്‍മ കോളജില്‍ മത വിവേചനമെന്നു പരാതി, എസ്എഫ്‌ഐ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപം

ഒന്നാം വര്‍ഷ ഫങ്ഷണല്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്ന അഷിത കെ ടി യാണ് കോളെജ് അധികൃതരുടെ നടപടി മൂലം പഠനം മുടങ്ങി വീട്ടിലിരിക്കുന്നത്.
ഹോസ്റ്റല്‍ നിഷേധിച്ചു, മുസ്ലിം വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങി; കേരള വര്‍മ കോളജില്‍ മത വിവേചനമെന്നു പരാതി, എസ്എഫ്‌ഐ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപം

തൃശ്ശൂര്‍: കേരള വര്‍മ്മ കോളെജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ടി സി വാങ്ങി പോകേണ്ടി വന്നതായി ആരോപണം. ഒന്നാം വര്‍ഷ ഫങ്ഷണല്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന അഷിത കെ ടി യാണ് കോളെജ് അധികൃതരുടെ നടപടി മൂലം പഠനം മുടങ്ങി വീട്ടിലിരിക്കുന്നത്. വര്‍ഗീയ വിവേചനമാണ് തനിക്കു നേരിടേണ്ടി വന്നതെന്നും മതേതര, പുരോഗമന പക്ഷത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന വിദ്യാര്‍ഥി സംഘടനകള്‍ പോലും തനിക്കു വേണ്ടി ശബ്ദിച്ചില്ലെന്നും അഷിത പറയുന്നു.

മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ടുവെന്നാണ് അഷിതയുടെ പരാതി. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ പി സദാശിവത്തിന് പരാതി അയയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയോ കേരളവര്‍മ്മ കോളെജോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അഷിത ആരോപിക്കുന്നു. 

 ജൂലൈയില്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പ്രകാരമാണ് പരാതിക്കാരിക്ക് കേരളവര്‍മ്മയില്‍ അഡ്മിഷന്‍ കിട്ടിയത്. 94 % മാര്‍ക്കും ഉണ്ടായിരുന്നു. ഹോസ്റ്റലിലും അന്ന് തന്നെ അപേക്ഷ നല്‍കി. ഡിപാര്‍ട്ട്‌മെന്റില്‍ മൂന്നും കോളെജില്‍ 96 ഉം ആണ് രജിസ്റ്റര്‍ നമ്പര്‍ ആയി കിട്ടിയിരുന്നത്. അപേക്ഷ സമര്‍പ്പിച്ച് മറ്റെല്ലാ കോളെജുകളിലെയും അലോട്ട്‌മെന്റും കാര്യങ്ങളും പൂര്‍ത്തിയായതിന് ശേഷം കേരളവര്‍മ്മ കോളെജിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണില്‍ വിളിച്ചിട്ട് , വെയ്റ്റിങ് ലിസ്റ്റിലാണ് എന്നറിയിക്കുകയായിരുന്നുവെന്നാണ് അഷിത പറയുന്നത്. വെയ്റ്റിങ് ലിസ്റ്റില്‍ എത്രമതാണ് എന്ന് പറയാന്‍ വാര്‍ഡന്‍ തയ്യാറായില്ല. പിന്നീട് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടിയവരുടെ പട്ടിക പരിശോധിച്ചാല്‍ മുസ്ലിം ആയ തന്നെ മാറ്റിനിര്‍ത്തിയെന്നാണ് വ്യക്തമാവുന്നതെന്ന് അഷിത പറഞ്ഞു.

ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ എം സിന്ധുവിനാണ് ഹോസ്റ്റലിന്റെ ചുമതല. ഇവരോട് സംസാരിച്ചപ്പോഴും വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.  ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ട കാര്യം എസ്എഫ്‌ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വിദ്യാര്‍ത്ഥി നേതാക്കളും കയ്യൊഴിഞ്ഞു. ഡോക്ടര്‍ എം സിന്ധു പ്രതിസ്ഥാനത്ത് വരുന്നതിനാലാണ് തന്റെ വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടന അലംഭാവം കാണിച്ചതെന്നും അഷിത ആരോപിച്ചു.

ജൂലൈ ഏഴാം തിയതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പുറമേ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്തജെറോമിനെയും സമീപിച്ചിരുന്നു. ഇവരുടെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായില്ല. സ്ഥിരമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്‌കോളിയോസിസ് എന്ന അസുഖമുണ്ടെന്നും, മെറിറ്റും,  യാത്രാദൂരവും കാണിച്ച് തന്നെയാണ് എല്ലാവരെയും സമീപിച്ചത്. ആരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായില്ല. പുറത്തെ ഹോസ്റ്റലുകളില്‍ നില്‍ക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലാത്തതിനാല്‍ ടിസി വാങ്ങാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. കോളെജ് ട്രാന്‍സ്ഫറിന് പരമാവധി ശ്രമിച്ചുവെന്നും അതും നടക്കാതെയായതോടെയാണ് പഠനം ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ട അവസ്ഥ വന്നതെന്നും അഷിത വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com