നാളെ ബാങ്ക് ഓഫീസര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക് ; ഇനി പ്രവൃത്തിദിനം തിങ്കളാഴ്ച

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ നാളെ അഖിലേന്ത്യാ പണിമുടക്ക് നടത്തും
നാളെ ബാങ്ക് ഓഫീസര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക് ; ഇനി പ്രവൃത്തിദിനം തിങ്കളാഴ്ച

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ നാളെ അഖിലേന്ത്യാ പണിമുടക്ക് നടത്തും. ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വരുന്ന ദിവസങ്ങളില്‍  തിങ്കളാഴ്ച ആയിരിക്കും അടുത്ത പ്രവൃത്തിദിനം.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റ് തീരുമാനത്തെ ചോദ്യം ചെയ്താണ് വെളളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ശനിയാഴ്ച എന്ന നിലയില്‍ 22ന് ബാങ്കുകള്‍ക്ക് അവധിയാണ്. ഫലത്തില്‍ വരുന്ന ദിവസങ്ങളില്‍ ഇനി തിങ്കളാഴ്ച ആയിരിക്കും അടുത്ത പ്രവൃത്തിദിനം. തുടര്‍ന്ന് 25ന് ക്രിസ്മസ് അവധിയാണ്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്  26ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ഉണ്ടാവുക.

ഇന്ന് വൈകിട്ട് ആറിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സ്റ്റാച്യുവിലേക്ക് ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തും. യൂണിയന്‍ ബാങ്ക് റീജിയണല്‍ ഓഫീസിന് മുന്നില്‍ ചേരുന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.നാളെ രാവിലെ 11ന് പാളയം ഫൈന്‍ ആര്‍ട്‌സ് കോളേജിന് സമീപത്തു നിന്നാരംഭിക്കുന്ന പ്രകടനം എസ്.ബി.ഐ സിറ്റി ബ്രാഞ്ചിന് മുന്നില്‍ സമാപിക്കും. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷനാണ് 21 ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com