പൊലീസ് സംരക്ഷണം: ലീന മരിയ പോളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കേരളത്തില്‍ ലീനയ്‌ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 
പൊലീസ് സംരക്ഷണം: ലീന മരിയ പോളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ ലീനയ്‌ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 

കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് കോടതിക്ക് കൈമാറും. പനമ്പിള്ളി നഗറിലുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് നടി പൊലീസ് സംരക്ഷണത്തിനായി  കോടതിയെ സമീപിച്ചിരിക്കുന്നത്. 

അധോലോക കുറ്റവാളി രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണില്‍ പരിചയപ്പെടുത്തിയ അജ്ഞാതന്‍, 25 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്. 

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ നെയ്ല്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറില്‍ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്നു.

ഒരാള്‍ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളില്‍ വച്ച് എയര്‍പിസ്റ്റള്‍ കൊണ്ടു വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. അഞ്ചു മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. 

വെടിവച്ച് ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിലൂടെ എന്താണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയില്‍ എഴുതിയ കടലാസ് അക്രമികള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com