15,000 രൂപയ്ക്ക് മുകളിലുളള ഫോണ്‍ 3200ന് നല്‍കാമെന്ന് വാഗ്ദാനം, കിട്ടിയത് 100 രൂപ പോലും വിലയില്ലാത്ത പ്ലാസ്റ്റിക് ബെല്‍റ്റും പഴ്‌സും; പുതിയ തട്ടിപ്പ് 

വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്
15,000 രൂപയ്ക്ക് മുകളിലുളള ഫോണ്‍ 3200ന് നല്‍കാമെന്ന് വാഗ്ദാനം, കിട്ടിയത് 100 രൂപ പോലും വിലയില്ലാത്ത പ്ലാസ്റ്റിക് ബെല്‍റ്റും പഴ്‌സും; പുതിയ തട്ടിപ്പ് 

കൊച്ചി:  വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്. വാഗ്ദാനത്തില്‍ വീഴുന്നവരോട് ഫോണ്‍ പാര്‍സലായി തപാലില്‍ അയക്കുമെന്നും 3200 രൂപ നല്‍കി വാങ്ങണമെന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വിശ്വസിച്ച് പണം മുടക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. പാര്‍സലില്‍ 100 രൂപയ്ക്കു താഴെ മാത്രം വിലവരുന്ന പ്ലാസ്റ്റിക് ബെല്‍റ്റും പഴ്‌സുമാണുണ്ടാവുക.

15,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണ്‍, മോഡല്‍ ഔട്ട് ആയതിനെ തുടര്‍ന്നു 3200 രൂപയ്ക്കു നല്‍കുന്നുവെന്നു പറഞ്ഞാണ് ആദ്യം വിളിയെത്തുക. നല്ല മലയാളത്തില്‍, സ്ത്രീകളാണു വിളിക്കുന്നത്. ഫോണ്‍ കയ്യില്‍ കിട്ടുമ്പോള്‍ പണം അടച്ചാല്‍ മതിയെന്നും പറയുന്നതോടെ, പലരും ഇവരുടെ ചതിക്കുഴിയില്‍ വീഴും. പലരും പണം കൊടുത്തു പാര്‍സല്‍ വാങ്ങി വഞ്ചിതരായിട്ടുണ്ട്. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കോളജ് വിദ്യാര്‍ഥികളാണു ചതിയില്‍ വീണവരില്‍ അധികവും. ഡല്‍ഹിയില്‍ നിന്നാണു പാര്‍സലുകള്‍ അയക്കുന്നത്. വിളിക്കുന്ന ഫോണ്‍ നമ്പറും ഡല്‍ഹി മേല്‍വിലാസമാണു കാണിക്കുന്നത്.

പലരും പോസ്റ്റ്മാന്‍മാരോടു പരാതി പറഞ്ഞതോടെയാണ് തട്ടിപ്പു പുറത്തായത്. തുടര്‍ന്ന്, പാര്‍സല്‍ കൈപ്പറ്റരുതെന്നു പോസ്റ്റ്മാന്മാര്‍ തന്നെ മേല്‍വിലാസക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. പാര്‍സല്‍ കൈപ്പറ്റാതെ തിരിച്ചയച്ചപ്പോള്‍, കേസ് കൊടുക്കുമെന്ന ഭീഷണിയുമായി വീണ്ടും വിളിക്കുന്നുണ്ട്. തങ്ങള്‍ ഫോണ്‍ തന്നെയാണ് അയച്ചതെന്നാണു വിളിക്കുന്നവരുടെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com