'മനിതി'കൾ പമ്പയിൽ; കനത്ത പൊലീസ് സന്നാഹം; ആദ്യ സംഘം സന്നിധാനത്തേക്ക് 

'മനിതി'കൾ പമ്പയിൽ; കനത്ത പൊലീസ് സന്നാഹം; ആദ്യ സംഘം സന്നിധാനത്തേക്ക് 

അയ്യപ്പ ദർശനത്തിനായി ശബരിമല എത്തിയ മനിതി കൂട്ടായ്മയിലെ സ്ത്രീകൾ പമ്പയിലെത്തി

ശബരിമല: അയ്യപ്പ ദർശനത്തിനായി ശബരിമല എത്തിയ മനിതി കൂട്ടായ്മയിലെ സ്ത്രീകൾ പമ്പയിലെത്തി. കനത്ത സുരക്ഷാ വലയം തീർത്ത് പൊലീസ് അകമ്പടിയിലാണ് കേരള അതിർത്തിയിൽ നിന്ന് സംഘത്തെ പമ്പയിലെത്തിച്ചത്. വൻ പൊലീസ് സംഘവും ഒപ്പം കമാന്റോകളും സുരക്ഷയ്ക്കായി പമ്പയിലും പരിസരത്തും തമ്പടിച്ചിട്ടുണ്ട്. പല സംഘങ്ങളായി 32ഓളം സ്ത്രീകളാണ് ദർശനത്തിനായി എത്തുന്നത്. 

നിലവിൽ പതിനൊന്ന് പേരാണ് ആദ്യ സംഘത്തിലുള്ളത്. അതിൽ ആറ് പേരാണ് ഭക്തകളെന്നും ഇവരാണ് ശബരിമലയിൽ ​ദർശനത്തിനായി എത്തിയിട്ടുള്ളത്. ബാക്കിയുള്ളവർ അവരെ സഹായിക്കാനാണ് വന്നതെന്നും സംഘത്തെ നയിക്കുന്ന സെൽവി വ്യക്തമാക്കി. സംഘത്തിലെ മറ്റുള്ളവർ കോട്ടയത്തും മറ്റുമായി എത്തിയിട്ടുണ്ട്.

സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ പൊലീസ് ഇവരെ ധരിപ്പിച്ചെങ്കിലും ഇപ്പോൾ തന്നെ മല ചവിട്ടാനുള്ള ആ​ഗ്രഹമാണ് ഇവർ പങ്കിട്ടത്. എല്ലാവരും എത്തിയ ശേഷം ഒരുമിച്ച് മല കയറുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരങ്ങൾ. 

വ്രതമെടുത്താണ് തങ്ങളെത്തിയിരിക്കുന്നതെന്ന് സംഘത്തെ നയിക്കുന്ന സെൽവി വ്യക്തമാക്കി. തനിക്ക് മറ്റ് ഉദ്ദേശങ്ങളില്ലെന്നും അയ്യപ്പനെ ​ദർശിക്കുകയാണ് തനിക്കും തനിക്കൊപ്പമുള്ളവരും ആ​ഗ്രഹിക്കുന്നതെന്നും സെൽവി പറഞ്ഞു. സുരക്ഷയൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.  അതുകൊണ്ടാണ് പൊലീസ് തങ്ങൾക്ക് മികച്ച രീതിയിൽ സുരക്ഷയൊരുക്കിയതെന്നും അവർ പറഞ്ഞു. ശബരിമലയേയും അവിടുത്തെ ആചാരങ്ങളേയും ബഹുമാനിക്കുന്നു. ആരെയും വെല്ലുവിളിക്കാനോ ഒന്നിനുമല്ല അയ്യപ്പ ദർശനത്തിനായാണ് എത്തിയിരിക്കുന്നത്. തങ്ങൾ ആക്ടിവിസ്റ്റുകളല്ലെന്നും ഭക്തകളാണെന്നും സെൽവി കൂട്ടിച്ചേർത്തു.    

കോട്ടയത്ത് എത്തിച്ച് എല്ലാവരേയും ഒരുമിച്ച് ശബരിമലയിലേക്കെത്തിക്കുമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നാടകീയ നീക്കങ്ങളാണ് പൊലീസ് നടത്തിയത്. മാധ്യമങ്ങൾക്ക് പോലും വിവരങ്ങൾ നൽകാതെ പഴുതടച്ച സുരക്ഷയൊരുക്കിയാണ് പൊലീസ് സംഘം ഇവരെ പമ്പയിലെത്തിച്ചത്. മുണ്ടക്കയത്ത് വച്ച് സംഘത്തെ പിന്തുടർന്ന മാധ്യമ പ്രവർത്തരുടെ വാഹനങ്ങളെയടക്കം പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. 

പമ്പയിലെത്തിയ ശേഷം ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി രാവിലെ സംഘത്തിന് ദർശനത്തിന് അവസരമൊരുക്കുകയെന്ന പദ്ധതിയാണ് പൊലീസ് നടപ്പാക്കാനൊരുങ്ങുന്നത്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് സംഘത്തിലുള്ളത്. ദർശനത്തിനായി എത്തുന്ന മറ്റ് അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കർശന പരിശോധന നടത്തിയാണ് പൊലീസ് കടത്തിവിടുന്നത്.  

തമിഴ്നാട്ടിൽ നിന്ന് കുമളി കമ്പംമെട് വഴിയാണ് ആദ്യ സംഘം കേരളത്തിലേക്ക് കടന്നത്. കുമളി ചെക്ക് പോസ്റ്റിൽ ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. കുമളിയില്‍ പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് സംഘം കമ്പംമെട് വഴി കേരളത്തിലെത്തിയത്. കട്ടപ്പന പാറക്കടവിൽ വച്ച് സംഘത്തെ തടയാന്‍ ചില ബിജെപി പ്രവർത്തകർ ശ്രമിച്ചിരുന്നെങ്കിലും പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. 

ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് സംഘമായാണ് വനിതകള്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പോലീസുമുണ്ടായിരുന്നു. കമ്പംമെട് വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറുകയായിരുന്നു. സംഘര്‍ഷം മുന്നില്‍ കണ്ട് പൊലീസ് കനത്ത സുരക്ഷയിലായിരുന്നു ആദ്യ സംഘത്തിന്റെ യാത്ര. എല്ലാ തരത്തിലും സരക്ഷ നൽകാമെന്ന പൊലീസിന്റെ ഉറപ്പിനെ തുടർന്നാണ് ​ദർശനത്തിനായി എത്തുന്നതെന്ന് സംഘത്തെ നയിക്കുന്ന സെൽവി പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com