പാവപ്പെട്ടവരുടെ റേഷനരി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം: ഗിവ് അപ്പ് പദ്ധതിക്കെതിരെ കെ വി തോമസ് 

റേഷന്‍ വിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുളള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംപി
പാവപ്പെട്ടവരുടെ റേഷനരി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം: ഗിവ് അപ്പ് പദ്ധതിക്കെതിരെ കെ വി തോമസ് 

കൊച്ചി: റേഷന്‍ വിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുളള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംപി. പാവപ്പെട്ടവരുടെ റേഷനരി തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് കെ.വി. തോമസ് എംപി ആരോപിച്ചു. ''നിങ്ങളുടെ റേഷന്‍ വിട്ടു നല്‍കൂ, അതു മറ്റു ചിലരുടെ വിശപ്പകറ്റും'' എന്ന പരസ്യം പാവപ്പെട്ടവന്റെ അന്നത്തില്‍ കൈയിട്ടു വാരുന്നതിനു സമമാണ്. ഇതിനെതിരെ ഇന്നു ഗവര്‍ണറെ കണ്ടു പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സമൂഹത്തിലെ ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്ന യോജന വിഭാഗം, മുന്‍ഗണന വിഭാഗം എന്നിവരോടാണു റേഷന്‍ വേണ്ടെന്നു വയ്ക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ആര്‍ക്കു കൊടുക്കാനാണ് എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ വിഹിതം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുളള ഗിവ് അപ്പ് റേഷന്‍ പദ്ധതിയില്‍ പങ്കാളിയാകാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സര്‍ക്കാരിന്റെ പരസ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റേഷന്‍ വിഹിതം തിരികെ വേണമെന്നുള്ളവര്‍ക്ക് ആറുമാസം കഴിഞ്ഞ് അപേക്ഷ നല്‍കിയാല്‍ മതിയാകുമെന്നും കേരള പൊതു വിതരണ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

ലളിതമായ രീതിയില്‍ ഓണ്‍ലൈനിലൂടെ ഗിവ് അപ് പദ്ധതിയില്‍ അംഗമാകാം. ഒരിക്കല്‍ റേഷന്‍ വിട്ടുനല്‍കിയാല്‍ ആറുമാസം കഴിഞ്ഞേ തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. എഎവൈ, മുന്‍ഗണന, പൊതുവിഭാഗം(സബ്‌സിഡി) എന്നീ കാര്‍ഡുടമകള്‍ റേഷന്‍ ഗിവ് അപ് പദ്ധതിയില്‍ പങ്കാളിയായാല്‍ അവര്‍ പൊതു വിഭാഗത്തിലേക്ക് ( നോണ്‍ സബ്‌സിഡി) മാറ്റപ്പെടുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com