പുതുവര്‍ഷാഘോഷം; ന്യൂജന്‍ ലഹരി ഒഴുകും; കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് പൂട്ടിടും

കൊച്ചി നഗരത്തില്‍ 38 ഡിജെ പാര്‍ട്ടികള്‍ നടക്കുമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം
പുതുവര്‍ഷാഘോഷം; ന്യൂജന്‍ ലഹരി ഒഴുകും; കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് പൂട്ടിടും


കൊച്ചി: പുതുവത്സരത്തലേന്ന് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ പൊലീസ് നിരീക്ഷണത്തില്‍. കൊച്ചി നഗരത്തില്‍ 38 ഡിജെ പാര്‍ട്ടികള്‍ നടക്കുമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. 

ഇത്തരം പാര്‍ട്ടികളില്‍ ലഹരിവന്നുചേരാനുള്ള സാഹചര്യം കണക്കിലെടുത്ത് സിറ്റി പൊലീസ് പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. റെയ്ഡുകളില്‍ പിടികൂടിയ ന്യൂജന്‍ലഹരി കൊച്ചിയിലേക്ക് നടക്കാനിരിക്കുന്ന പാര്‍ട്ടികളിലേക്കായിരിക്കുവെന്ന് കാരിയര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊച്ചിയില്‍ ലഹരിമാഫിയ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുമെന്ന് പൊലീസിന് രഹസ്യവിവരമുണ്ട്. വിദേശികളടക്കം കൊച്ചിയിലേക്ക് കൂടുതലായി വരുന്നതിനാല്‍ ഇവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും ശ്രമമുണ്ട്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ തലവന്‍ ഇബ്രാഹിം ഷാ കൊച്ചിയിലേക്ക് 50 കോടിയുടെ ന്യൂജന്‍ ലഹരി എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ കൊണ്ടുവന്ന അഞ്ച് കോടിയുടെ ലഹരി പൊലീസ് പിടികൂടിയിരുന്നു. ഏത് മാര്‍ഗവും ലഹരി കൊച്ചിയിലേക്ക് എത്തിക്കാനാണ് ഇബ്രാഹിം ഷായുടെ പദ്ധതി.

പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഇതിനായി ഇവര്‍ ഉപയോഗിക്കാനുള്ള സാധ്യത പൊലീസ് കാണുന്നു. പുതുവത്സരം വരെയുള്ള സമയമാണ് ലഹരിമാഫിയയുടെ സീസണ്‍. അതിനാല്‍ തന്നെ പരാവധി ലഹരി കൊച്ചിയിലേക്ക് എത്തിക്കാനാണ് ലഹരി സംഘങ്ങളുടെ പദ്ധതി. 

നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നീരിക്ഷണം ശക്തമാക്കാനുളള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പരസ്യമായി നടത്തുന്ന ഡിജെ പാര്‍ട്ടികളിലും ലഹരി ഉപഭോക്താക്കള്‍ എത്തുമെന്നും ഇത്തരം പാര്‍ട്ടികളില്‍ പൊലീസിന്റെ ശ്രദ്ധ കുറവായിരിക്കുമെന്നാണ് പാര്‍ട്ടിയില്‍ ലഹരി എത്തിക്കാനുള്ളവര്‍ കരുതുന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com