പൊട്ടൻ തെയ്യം കൈവിട്ടില്ല ; കണ്ണൻ പണിക്കരെ തേടി ഭാ​ഗ്യദേവതയെത്തി ; 60 ലക്ഷത്തിന്റെ സമ്മാനം

നാട്ടുകൂട്ടത്തിന്റെ സങ്കടം അകറ്റുന്ന ഇഷ്ട ദേവനായ പൊട്ടൻതെയ്യം എന്നെങ്കിലും തന്റെ ദുരിതങ്ങൾ അകറ്റുമെന്ന വിശ്വാസത്തിലായിരുന്നു കണ്ണൻ പണിക്കർ
പൊട്ടൻ തെയ്യം കൈവിട്ടില്ല ; കണ്ണൻ പണിക്കരെ തേടി ഭാ​ഗ്യദേവതയെത്തി ; 60 ലക്ഷത്തിന്റെ സമ്മാനം

കണ്ണൂർ : തെയ്യം കലാകാരനെത്തേടി ഒടുവിൽ ഭാ​ഗ്യദേവതയെത്തി. സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് തെയ്യം കലാകാരനായ കണ്ടോത്ത് പാട്യത്തെ കിഴക്കേകൊവ്വൽ കണ്ണൻ പണിക്കരെ തേടിയെത്തിയത്. ജീവിതപ്രാരാബ്ധം ഉള്ളിലൊതുക്കി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികം ഭക്തരെ അനുഗ്രഹിച്ച് അവരുടെ ദുഖമകറ്റി തെയ്യക്കോലമായി അരങ്ങു നിറഞ്ഞാടിയ കലാകാരനാണ് കണ്ണൻ പണിക്കർ. 

അഞ്ചാം വയസ്സിൽ വേടൻ കെട്ടി തെയ്യമെന്ന അനുഷ്ഠാന ചടങ്ങിലേക്ക് കടന്നുവന്നതാണു കണ്ണൻ പണിക്കർ. നാട്ടുകൂട്ടത്തിന്റെ സങ്കടം അകറ്റുന്ന തന്റെ ദുരിതങ്ങൾ ഇഷ്ട ദേവനായ പൊട്ടൻതെയ്യം എന്നെങ്കിലും അകറ്റുമെന്ന വിശ്വാസത്തിലായിരുന്നു അറുപതുകാരനായ കണ്ണൻ പണിക്കർ. ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചാണ് കണ്ണൻ പണിക്കരുടെയും ഭാര്യ സുലോചനയുടെയും മക്കളുടെയും കുടുംബത്തിലേക്ക് ഭാ​ഗ്യദേവതയുടെ കടാക്ഷമെത്തിയത്. 

ടൗണിൽ എത്തിയാൽ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുക എന്നത് കണ്ണൻ പണിക്കരുടെ ശീലമാണ്. ഇതുപോലെ 26 ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റും കണ്ണൻ പണിക്കർ എടുത്തിരുന്നു. 26നു രാത്രി കണ്ടോത്ത് പൊട്ടൻതെയ്യം കെട്ടിയാടിയ പണിക്കർ പിറ്റേ ദിവസം പത്രം നോക്കിയില്ല.  ഒരു തെയ്യം കലാകാരനാണ് ലോട്ടറി അടിച്ചതെന്ന് ടിക്കറ്റ് വിറ്റ സുരേശന് അറിയാമായിരുന്നു. പക്ഷേ, ടിക്കറ്റ് നൽകുമ്പോൾ സുരേശൻ കടയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണു കണ്ണൻ പണിക്കർക്കാണ് സമ്മാനം ലഭിച്ചതെന്ന് അറിയാതെ പോയത്.

ഇന്നലെ രാവിലെയാണു പണിക്കർ പത്രത്തിൽ ടിക്കറ്റ് നമ്പർ പരിശോധിച്ചത്. ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞപ്പോൾ, പൊട്ടൻ ദൈവം കൈവിട്ടില്ല എന്ന തിരിച്ചറിവിൽ ലോട്ടറി ടിക്കറ്റ് വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. ടിക്കറ്റ് നൽകിയ സുരേശന്റെ കടയിൽ എത്തി നന്ദി പറയാനും പണിക്കർ മറന്നില്ല. ഭാര്യ സുലോചനയും മക്കളായ കലേഷ് പണിക്കരും സവിതയും മരുമക്കളായ ഷിജിലയും ബിജു പണിക്കരും ഉൾപ്പെട്ടതാണ് കണ്ണൻ പണിക്കരുടെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com