മന്ത്രിമാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയാല്‍ ഒരാള്‍ക്കും ശമ്പളം ലഭിക്കില്ല : രമേശ് ചെന്നിത്തല

മന്ത്രിസഭാ യോഗമെന്നത് സഹകരണസംഘത്തിന്റെയോ, ആര്‍ട് ക്ലബ്ബിന്റെയോ കമ്മിറ്റി യോഗമല്ല
മന്ത്രിമാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയാല്‍ ഒരാള്‍ക്കും ശമ്പളം ലഭിക്കില്ല : രമേശ് ചെന്നിത്തല

കണ്ണൂര്‍ : മന്ത്രിമാരുടെ ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭായോഗം ചേരാനാകാതെ മാറ്റിവെച്ച സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് ജീവനക്കാരുടേത് പോലെ, സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിംഗുമായി ബന്ധിപ്പിച്ചാല്‍ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നുമാസത്തെ ശമ്പളം ലഭിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. പല മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരാതെ പാര്‍ട്ടി സമ്മേളനങ്ങളില്‍ കറങ്ങി നടക്കുകയാണ്.

മന്ത്രിമാര്‍ എത്താത്തതിനാല്‍ മന്ത്രിസഭായോഗം വരെ മുടങ്ങി. മന്ത്രിസഭാ യോഗമെന്നത് സഹകരണസംഘത്തിന്റെയോ, ആര്‍ട് ക്ലബ്ബിന്റെയോ കമ്മിറ്റി യോഗമല്ല. എട്ടുപേരെങ്കിലും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്താല്‍ മാത്രമേ ക്വാറം തികയൂവെന്നും കണ്ണൂരില്‍ കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെ, ചെന്നിത്തല വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭായോഗമാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് ചേരാതിരുന്നത്. ആറു മന്ത്രിമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്. സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനത്തിലായിരുന്നു. മിക്ക ഘടകകക്ഷി മന്ത്രിമാരും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ യോഗത്തിനെത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com