ശ്രീജിവിന്റെ കസ്റ്റഡിമരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണം ; സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചത്. 
ശ്രീജിവിന്റെ കസ്റ്റഡിമരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണം ; സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു. കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചത്. 

പാറശ്ശാല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ശ്രീജീവിന്റെ മരണത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉള്ളതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടി. കേസ് സംസ്ഥാന പോലീസ് അന്വേഷിക്കുന്നതില്‍ ശ്രീജീവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ രണ്ടു വര്‍ഷമായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലുമാണ്. അതിനാല്‍ കേസ് സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വനേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം 766 ആം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യവും പിന്തുണയും അര്‍പ്പിച്ച് ഇന്നലെ നടന്മാര്‍ അടക്കം നിരവധി പേരാണ് സമരപ്പന്തലിലെത്തിയത്. സാമൂഹിക മാധ്യമങ്ങില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന് വീണ്ടും കത്തയച്ചത്. ശ്രീജിവിന്റെ മരണം കസ്റ്റഡിയിലെ ക്രൂരമര്‍ദ്ദനം മൂലമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിട്ടി മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് കെ നാരായണക്കുറുപ്പും വ്യക്തമാക്കിയിരുന്നു. 2014 മെയ് 21 നാണ് സ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസിന്റെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com