പൊലീസ് രേഖകള്‍ നല്‍കിയില്ല, ദിലീപ് വീണ്ടും കോടതിയിലേക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2018 10:14 AM  |  

Last Updated: 15th January 2018 10:18 AM  |   A+A-   |  

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെയുള്ള സുപ്രധാന രേഖകള്‍ പൊലീസ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് നടന്‍ ദീലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവുരേഖകളുടെ പകര്‍പ്പും കൈമാറണമെന്നാണ് ആവശ്യം. 

ദൃശ്യം അടങ്ങിയ മൊബൈല്‍ ചിപ്പ് ഉണ്ടെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന നിഗമനത്തിലാണ് ദിലീപ്. ഹര്‍ജികള്‍ നല്‍കുന്നതോടെ രേഖകള്‍ പൊലീസിന് ദിലീപിന് കൈമാറേണ്ടിവരും. ഇതിന് കൂടുതല്‍ സമയമെടുക്കുന്നത്, വിചാരണ നീണ്ടുപോകാന്‍ സാഹചര്യം ഒരുക്കുമെന്ന കണക്കുകൂട്ടലിലാണ് ദിലീപ്. രേഖകളെല്ലാം പഠിച്ചശേഷം ആത്മവിശ്വാസത്തോടെ വിചാരണ നേരിടാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കണക്കുകൂട്ടുന്നു. 

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനക്കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കുറ്റപത്രത്തിലെ രേഖകളെല്ലാം കിട്ടിയെന്ന് പ്രതികളെല്ലാം അറിയിച്ചാലേ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യാനാവൂ. വിചാരണ നീണ്ടുപോകുന്നതോടെ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കാനും സാധ്യതയേറെയാണ്. അതേസമയം ഇവരെ വിചാരണ തടവുകാരായി നിലനിര്‍ത്താനാണ് പൊലീസിന്റെ നീക്കം.