ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമില്ല; സ്വീകരിക്കണമോയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ: കാനം 

ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് കാനം രാജേന്ദ്രന്‍
ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമില്ല; സ്വീകരിക്കണമോയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ: കാനം 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗീതയുടെ ഉപദേശം അനുസരിക്കണമോയെന്ന് ഉപദേശം സ്വീകരിക്കുന്നവര്‍ തീരുമാനിക്കട്ടെയെന്നും  മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. സ്വകാര്യവത്ക്കരണമല്ല ഇടതുമുന്നണിയുടെ നയമെന്നും അദ്ദേഹം പ്രതികരിച്ചു. ഗീതാ ഗോപിനാഥിനെ വിമര്‍ശിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം പുറത്തുവന്നതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. 

ആര്‍എസ്പി (ലെനിലിസ്റ്റ്) നേതാവ് കോവൂര്‍ കുഞ്ഞുമോന്റെ മന്ത്രിസഭാ പ്രവേശനം അഭ്യൂഹം മാത്രമാണ്. കക്ഷികളുടെ മുന്നണി പ്രവേശനം മാധ്യമങ്ങളിലുടെയല്ല ചര്‍ച്ച ചെയ്യേണ്ടത്. മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സംവിധാനമുണ്ടെന്നും കാനം പ്രതികരിച്ചു.  

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്റെ ഉപദേശങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ ആശങ്കാജനകമെന്നാണ് സിപിഐ മുഖപത്രം ജനയുഗത്തിലെ വിമര്‍ശനം. ഉപദേശങ്ങള്‍ കരുതലോടെ കാണണം എന്ന തലക്കെട്ടില്‍ ജനയുഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ഗീതയുടെ ചെലവ് ചുരുക്കല്‍ നിര്‍ദേശത്തെ സര്‍ക്കാരും ഇടതുപക്ഷവും കരുതലോടെ കാണണമെന്ന് എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com