ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയം ; പകര്‍പ്പ് നല്‍കാത്തത് പലതും പുറത്തുവരുമെന്നതുകൊണ്ട് : ദിലീപ് 

കേസില്‍ ദീലീപിന്റെ വാദം പൂര്‍ത്തിയായി. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാനായി അങ്കമാലി കോടതി കേസ് മാറ്റിവെച്ചു
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയം ; പകര്‍പ്പ് നല്‍കാത്തത് പലതും പുറത്തുവരുമെന്നതുകൊണ്ട് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണം. സ്ത്രീശബ്ദത്തിന്റെ ഉറവിടം ഏതെന്ന് വിശദപരിശോധന വേണമെന്നും ദിലീപിന്റെ അഭിഭാകന്‍ കോടതിയില്‍ വാദിച്ചു. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും, ദൃശ്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചത്. 

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് ഇരയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയെ ഭീഷണിപ്പെടുത്തുന്നതിനും, ഇരയ്ക്ക് ജീവഹാനി ഉണ്ടാകുന്നതിനും കാരണമായേക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതിന്റെ മറുപടി വാദത്തിലാണ് ദൃശ്യം എഡിറ്റ് ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്. 

ദൃശ്യത്തിന്റെ പകര്‍പ്പ് പ്രോസിക്യൂഷന്‍ നല്‍കാത്തത് സത്യം പലതും പുറത്തുവരും എന്നതുകൊണ്ടാണ്. ദൃശ്യത്തില്‍ സ്ത്രീശബ്ദം ഉണ്ട് എന്ന് കരുതുന്നു. അത് പരിശോധനയിലൂടെയേ വ്യക്തമാകൂ. സ്ത്രീശബ്ദത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന വിശദ പരിശോധന വേണം. എഡിജിപി മുതല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. 250 ലേറെ രേഖകളാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഇതില്‍ 93 രേഖകള്‍ മാത്രമാണ് നല്‍കിയത്. പ്രോസിക്യൂഷന്‍ രേഖകള്‍ നല്‍കാതെ മറച്ചുവെക്കുന്നത് കേസില്‍ പലതും ഒളിപ്പിക്കാനുള്ളതുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. 

കേസില്‍ ദീലീപിന്റെ വാദം പൂര്‍ത്തിയായി. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com