നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലത് ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ മാധ്യമങ്ങളോട് ശശീന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2018 03:13 PM |
Last Updated: 31st January 2018 03:13 PM | A+A A- |

തിരുവനന്തപുരം : ഫോണ്‍കെണി കേസിലെ പുതിയ ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് മാധ്യമങ്ങളോട് എ കെ ശശീന്ദ്രന്‍. നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ല. അതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഫോണ്‍കെണി കേസില്‍ എ കെശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജിക്കാരി. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതെന്നും, കേസ് പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മഹാലക്ഷ്മി നല്‍കിയ സ്വകാര്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടേത് വ്യാജ വിലാസമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.