'നടത്തിയത് ദീര്‍ഘകാല ആസൂത്രണം, സ്വപ്‌നം കണ്ടത് കോടികള്‍' ;  വീട്ടില്‍ കള്ളനോട്ട് അച്ചടിച്ച സീരിയല്‍ നടിയും കുടുംബവും ഒടുവില്‍ തടവറയില്‍

എട്ടു മാസത്തോളം നീണ്ട തയാറെടുപ്പുകളാണ്, കള്ളനോട്ട് നിര്‍മ്മാണത്തിന് നടിയുടെ വീട്ടില്‍ നടത്തിയിരുന്നത്. ഏഴു കോടിയുടെ കള്ളനോട്ട് നിര്‍മ്മിക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടത്
'നടത്തിയത് ദീര്‍ഘകാല ആസൂത്രണം, സ്വപ്‌നം കണ്ടത് കോടികള്‍' ;  വീട്ടില്‍ കള്ളനോട്ട് അച്ചടിച്ച സീരിയല്‍ നടിയും കുടുംബവും ഒടുവില്‍ തടവറയില്‍

ഇടുക്കി : കോടികള്‍ സ്വപനം കണ്ട് കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്ത സീരിയല്‍ താരവും കുടുംബവും ഒടുവില്‍ ജയിലില്‍. കൊല്ലം മുളങ്കാടകത്തു നിന്നാണ് സീരിയല്‍ നടി സൂര്യ, അമ്മ രമാദേവി, ഇളയമകള്‍ ശ്രുതി എന്നിവരെയും, 57 ലക്ഷത്തിന്റെ കള്ളനോട്ടും, കള്ളനോട്ട് യന്ത്രവും സഹിതം പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്, പൊലീസിനെപ്പോലും അമ്പരപ്പിച്ച് സംഘത്തിന്റെ ദീര്‍ഘകാല ആസൂത്രണ പദ്ധതിയുടെ ചുരുെളഴിഞ്ഞത്. 

എട്ടു മാസത്തോളം നീണ്ട തയാറെടുപ്പുകളാണ്, കള്ളനോട്ട് നിര്‍മ്മാണത്തിന് നടിയുടെ വീട്ടില്‍ നടത്തിയിരുന്നത്. ഏഴു കോടിയുടെ കള്ളനോട്ട് നിര്‍മ്മിക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടത്. സീരിയല്‍ നടിയും കുടുംബവും കൂടാതെ, ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. നോട്ടടി യന്ത്രം, പ്രിന്റര്‍, പേപ്പര്‍ തുടങ്ങിയവ വാങ്ങാനായി സൂര്യയും രമാദേവിയും 4.36 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. കള്ളനോട്ട് വിറ്റുകിട്ടുന്ന തുടകയുടെ പകുതി നല്‍കാമെന്നായിരുന്നു രമാദേവിയുമായുള്ള ധാരണ. 

സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജുവാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ ലിയോ ജോര്‍ജിനെ രമാദേവിക്കു പരിചയപ്പെടുത്തിയത്. രമാദേവിയില്‍ നിന്ന് യന്ത്രം വാങ്ങാന്‍ 4.36 ലക്ഷം രൂപ കൈപ്പറ്റിയ ലിയോ, അഞ്ചു വര്‍ഷം മുമ്പു വാങ്ങിയ കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി. നോട്ടുകള്‍ അച്ചടിക്കാന്‍ ഹൈദരാബാദില്‍നിന്നു പേപ്പറും പ്ലാസ്റ്റിക് ഷീറ്റും എത്തിച്ചു. രമാദേവിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന മുളങ്കാടകത്തെ ആഡംബര വീട്ടിന്റെ മുകള്‍ നിലയിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം. സീരിയല്‍ നടിയുടെ വീടായതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ലെന്നതാണ് രമാദേവിയുടെ വീട് നോട്ടടി നിര്‍മ്മാണത്തിന് തെരഞ്ഞെടുക്കാന്‍ കാരണം. 

ഒരു ലക്ഷം രൂപയ്ക്ക് മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അച്ചടി. നോട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണമെന്ന്  പിടിയിലായവര്‍ പറഞ്ഞു. എട്ടു മാസത്തെ തയാറെടുപ്പുകള്‍ക്കുശേഷം ഏതാനും ആഴ്ച മുമ്പാണ് 200 ന്റെ 1096 നോട്ടുകള്‍ ആദ്യഘട്ടമായി അച്ചടിച്ചത്. ഇതു വിതരണത്തിനായി അണക്കരയിലെത്തിച്ചപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ പൊലീസ് പിടിയിലാകുന്നത്.  ഇവരില്‍ നിന്നാണ് സീരിയല്‍ നടിയെയും കുടുംബാംഗങ്ങളെയും കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഘത്തിലുള്ള മറ്റുള്ളവരും പൊലീസിന്റെ വലയിലായതായി റിപ്പോര്‍്ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com