സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്; ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2018 10:57 AM  |  

Last Updated: 28th June 2018 10:57 AM  |   A+A-   |  

കൊച്ചി: സിറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് ഇടപെടുന്നു.ഇടനിലക്കാരന്‍ സാജുവര്‍ഗ്ഗീസിന്റെ വീട് ,പി കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. അങ്കമാലി രൂപതയുടെ കീഴിലുണ്ടായിരുന്ന കണ്ണായ സ്ഥലങ്ങള്‍ വില്‍പ്പന നടത്തിയതില്‍ കോടികളുടെ നഷ്ടം ആരോപിച്ച് വൈദികര്‍ തന്നെയാണ് രംഗത്ത് വന്നത്. 

ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പങ്ക് വിവാദമായിരുന്നു. വില്‍പ്പന നടത്തിയ 36 ആധാരങ്ങളിലും ഒപ്പുവയ്ക്കുകയും ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തുകയും ചെയ്തത് ആലഞ്ചേരിയായിരുന്നുവെന്നും നേരത്തെ തെളിഞ്ഞിരുന്നു.36 പേര്‍ക്ക് സാജു വര്‍ഗീസിനെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്ക് ആദ്യം ഭൂമി വില്‍പ്പന നടത്തി. കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2017 ജനുവരി മുതല്‍ ഓഗസ്റ്റ് 16 വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി നല്‍കി.

70 കോടി രൂപ വിലമതിക്കുന്ന ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ ഒന്‍പത് കോടി രൂപ മാത്രമായിരുന്നു സഭയ്ക്ക് ലഭിച്ചത്. ബാക്കി പണത്തിന് പകരം നിയമപ്രശ്‌നങ്ങളുള്ള ഭൂമി നല്‍കിയെന്നും ഇത് സഭയ്ക്കും വിശ്വാസികള്‍ക്കും വന്‍ ബാധ്യത ഉണ്ടാക്കിയെന്നും വൈദികര്‍ തെളിവുകള്‍ നിരത്തി ആരോപിച്ചതോടെയാണ് ഭൂമി ഇടപാട് വാര്‍ത്തയാകുന്നത്.