ഭൂമി തട്ടിയെടുക്കാന്‍ വെള്ളക്കെട്ടുണ്ടാക്കി ഭൂമാഫിയ; അഞ്ച് വര്‍ഷമായി തുടരുന്ന പ്രതികാരക നടപടിക്കെതിരേ കര്‍ഷകന്‍

ഭൂമി തട്ടിയെടുക്കാന്‍ വെള്ളക്കെട്ടുണ്ടാക്കി ഭൂമാഫിയ; അഞ്ച് വര്‍ഷമായി തുടരുന്ന പ്രതികാരക നടപടിക്കെതിരേ കര്‍ഷകന്‍

ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാനുള്ള ശ്രമങ്ങളില്‍ വീഴാതായതോടെയാണ് പ്രതികാര നടപടിയുമായി ഭൂമാഫിയ രംഗത്തെത്തിയത്

നെടുമ്പാശേരി; കര്‍ഷകന്റ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫലം കാണാതായതോടെ പ്രതീകാര നടപടിയുമായി ഭൂമാഫിയ. കൃഷിയിടത്തില്‍ വെള്ളക്കെട്ടുണ്ടാക്കി പീഡിപ്പിക്കുകയാണെന്നാണ് കുന്നുകര അയിരൂര്‍ ഇരട്ടിയില്‍ അനുരുദ്ധന്റെ പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭൂമാഫിയ പലരീതിയില്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയും തഹസില്‍ ദാറുടെ ഉത്തരവുകളും കാറ്റില്‍ പറത്തിയാണ് പീഡനം. 

ഇരുപത് വര്‍ഷത്തിലേറെയായി തന്റെ 45 സെന്റ് കൃഷിയിടത്തില്‍ കൃഷി ചെയ്യുകയാണ് അനിരുദ്ധന്‍. ഈ ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാനുള്ള ശ്രമങ്ങളില്‍ വീഴാതായതോടെയാണ് പ്രതികാര നടപടിയുമായി ഭൂമാഫിയ രംഗത്തെത്തിയത്. ഭൂമാഫിയയുടെ സ്ഥലത്തോട് ചേര്‍ത്ത് വഴിയുണ്ടാക്കുകയാണ് മാഫിയകളുടെ ലക്ഷ്യം. വെള്ളം പോയിരുന്ന തോട് ഇവര്‍ മണ്ണിട്ടു മൂടിയതാണ് അനിരുദ്ധന് തിരിച്ചടിയായത്. മുകളില്‍ നിന്നു വരുന്ന വെള്ളം അനിരുദ്ധന്റെ പറമ്പിലൂടെ തോട്ടിലേക്ക് പോവുകയായിരുന്നു ഇത്രയും കാലം വരെ. എന്നാല്‍ തോട് നികത്തിയതോടെ വെള്ളം പോകാതെയായി. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭൂമാഫിയയ്‌ക്കെതിരേ നിയമപോരാട്ടം നടത്തുകയാണ് ഈ കര്‍ഷകന്‍. അനിരുദ്ധന് അനുകൂലമായ തീരുമാനമുണ്ടായെങ്കിലും അതിന് ശേഷവും പ്രതികാര നടപടി തുടരുകയാണ്. 

ഭൂമാഫിയകളുടെ പറമ്പിലൂടെ പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിട്ടിരുന്ന തോട് ബോധപൂര്‍വം എസ്‌കവേറ്റര്‍ ഉപയോഗിച്ച് മൂടുകയായിരുന്നു. ഇതോടെ പഴയതിനേക്കാള്‍ വെള്ളക്കെട്ട് രൂക്ഷമായി. 20 വര്‍ഷം പഴക്കമുള്ള 40 ജാതിമരങ്ങളാണ് വെള്ളക്കെട്ടിനെ തുടര്‍ന്ന് നശിച്ചു പോയത്. ഇതിനെത്തുടര്‍ന്ന് മുന്‍ ഹൈക്കോടതി ഉത്തരവുമായി ജില്ല കളക്റ്ററെ സമീപിച്ചതോടെ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. 

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയും കൃഷിഭവന്റേയും സഹായം തേടണമെന്നും തഹസില്‍ ദാര്‍ ഒരു മാസം കുന്നുകര വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിലാണ് വില്ലേജ് ഓഫീസര്‍ നടപടിയെടുക്കാത്തത് എന്നാണ് കര്‍ഷകന്റെ ആരോപണം. നീതി ലഭിക്കും വരെ വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് അനിരുദ്ധന്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com