'മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ്' '; സ്വാശ്രയ വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് മനപ്രയാസമുണ്ടാക്കിയെന്ന് കെകെ ശൈലജ

'മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ്' '; സ്വാശ്രയ വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് മനപ്രയാസമുണ്ടാക്കിയെന്ന് കെകെ ശൈലജ
'മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ്' '; സ്വാശ്രയ വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് മനപ്രയാസമുണ്ടാക്കിയെന്ന് കെകെ ശൈലജ

കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ വിഷയം പഠിക്കാതെയാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എസ്എഫ്‌ഐ പോലും ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നത് വലിയ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ് എന്നാണ് എസ്എഫ്‌ഐക്കാരോടു തനിക്കു പറയാനുള്ളതെന്ന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ കെകെ ശൈലജ വ്യക്തമാക്കി. 

നീറ്റ് മെറിറ്റ് അനുസരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ ക്രോസ് സബ്സിഡി പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ, ആദ്യത്തെ വര്‍ഷം നമ്മളിവിടെ കേരള മെറിറ്റ് ലിസ്റ്റ് എടുത്തുപോയിരുന്നു. അതില്‍നിന്നു കുട്ടികളെ എടുത്തതുകൊണ്ട് 50:50 വച്ചു. മാനേജ്മെന്റ് ക്വാട്ടയില്‍ എന്‍.ആര്‍.ഐക്കാരില്‍നിന്ന് 11-ഉം 15-ഉം ലക്ഷം വാങ്ങാന്‍ സമ്മതിച്ചു. മറ്റേത് രണ്ടര ലക്ഷവും ഇരുപത്തയ്യായിരവുമാക്കി. ഞാനാണ് 20 കോളേജുകളെക്കൊണ്ട് ഒപ്പിടീച്ചത്. അതായത് 20 കോളേജുകളില്‍ ഇരുപത്തയ്യായിരത്തിന്റെ സീറ്റുകള്‍ കിട്ടി. അതിനു മുന്‍പ് ആറോ ഏഴോ കോളേജുകളേ ഒപ്പിട്ടിരുന്നുള്ളു. ബാക്കി കൊള്ളയായിരുന്നു. ആരും അതു മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. സ്വാശ്രയ മാനേജ്മെന്റിനു കീഴ്പെടുന്നു എന്നു രാഷ്ട്രീയമായി ആരോപിച്ചു. 50 ശതമാനം സീറ്റുകളില്‍ ഇരുപത്തയ്യായിരത്തിനും രണ്ടര ലക്ഷത്തിനും പഠിക്കാന്‍ പറ്റുന്നു എന്നത് ആരും പറഞ്ഞില്ല. അതൊന്നും കണ്ടില്ല. എത്രതന്നെ പറഞ്ഞിട്ടും അതൊന്നും മനസ്സിലാക്കാത്തതു പോലെ ഫീസ് വര്‍ദ്ധിപ്പിച്ചു എന്ന് എസ്.എഫ്.ഐ ഉള്‍പ്പെടെ സമരം നടത്തി- അഭിമുഖത്തില്‍ പറുന്നു.

അടുത്ത വര്‍ഷം കോടതി പറഞ്ഞു, ഒരു കരാറും പാടില്ല. ഞങ്ങളൊരു നിയമമുണ്ടാക്കി. അതിന്റെ 17-ാം വകുപ്പ് കരാറുണ്ടാക്കാന്‍ വേണ്ടിയുള്ളതാണ്. കോടതി അത് റദ്ദു ചെയ്തു. അപ്പോള്‍പ്പിന്നെ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസേ പറ്റുകയുള്ളു. അത് അവര്‍ കണക്കാക്കി നിശ്ചയിക്കുന്ന ഫീസാണ്. മന്ത്രിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ല. അങ്ങനെയാണ് 4,80,000 മുതല്‍ അഞ്ചര ലക്ഷം വരെ ഫീസ് നിശ്ചയിച്ചത്. അപ്പോള്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ ബഹളമായി. ഞങ്ങള്‍ക്ക് കിട്ടുന്നത് കുറവാണ്, കോളേജ് അടയ്ക്കുകയാണെന്നു ചിലര്‍ കഴിഞ്ഞ ദിവസവും പറഞ്ഞു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ അടച്ചാലും തുറന്നാലും എനിക്കിതേ ചെയ്യാന്‍ പറ്റുകയുള്ളു.
ഇത്ര സുതാര്യമായും സത്യസന്ധമായും പറഞ്ഞുകൊണ്ട് കുട്ടികളുടെ ഭാഗത്തുനിന്നു സാധ്യതയുടെ അങ്ങേയറ്റം ചെയ്തിട്ടാണ് ഞാന്‍ രാജിവയ്ക്കണം എന്നു പറയുന്നത്. ഫീസ് വര്‍ദ്ധിപ്പിച്ചു എന്നാണ് എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടെ പറയുന്നത്; എന്റെ പാര്‍ട്ടിയുടെ സംഘടന. ഞാനവരോടു പറഞ്ഞു, മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ്. അന്നെനിക്ക് ഭയങ്കര മനഃപ്രയാസമുണ്ടായി. പക്ഷേ, ഞാനതൊന്നും കണക്കാക്കിയില്ല. ചെയ്യാവുന്ന ശരി ചെയ്തു പോവുകയാണ്- കെകെ ശൈലജ പറഞ്ഞു.  

ഞാനൊരിക്കലും ഹൈഫൈ ആളുകളുമായൊന്നും വലിയ അടുപ്പമൊന്നും കാണിക്കാറില്ല. അതുകൊണ്ടുതന്നെ അവരൊന്നും പറയുന്നത് എടുക്കേണ്ട ഉത്തരവാദിത്വവും എനിക്ക് വരുന്നില്ല. ഏറ്റവും ശരിയായ പാതയിലൂടെ പോവുക. നല്ല സഹകരണമാണ് എനിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കിട്ടുന്നത്. അവരുടെ ഭൂതകാലം എന്തായിരുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. എന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ അവര്‍ സത്യസന്ധരായിരിക്കണം, നന്നായി ജോലി ചെയ്യണം. രാജീവ് സദാനന്ദന്‍ ആരോഗ്യരംഗത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടുള്ളയാളാണ്, അത് അദ്ദേഹത്തിനൊരു പാഷനാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. പുതിയ പുതിയ ആശയങ്ങളുണ്ടാകുന്നു, ഞങ്ങളതു ചര്‍ച്ച ചെയ്യുന്നു, നയമനുസരിച്ചു മുന്നോട്ടു കൊണ്ടുപോകാവുന്നതാണെങ്കില്‍  കൊണ്ടുപോകുന്നു. ചെയ്തുവരുമ്പോള്‍ ഫലം കാണാന്‍ തുടങ്ങുന്നുണ്ട്- ശൈലജ പറഞ്ഞു.

കെകെ ശൈലജയുമായുള്ള അഭിമുഖം ഈ ലക്കം സമകാലിക മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com