ഒരുമാസം ഒന്നിലധികം പണിമുടക്കുകള്‍ നന്നല്ല : മുഖ്യമന്ത്രി

ഒരു മാസം ഒന്നിലധികം പണിമുടക്കുകള്‍ ഉണ്ടാകുന്നത് വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഒരുമാസം ഒന്നിലധികം പണിമുടക്കുകള്‍ നന്നല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : ഒരു മാസം ഒന്നിലധികം പണിമുടക്കുകള്‍ ഉണ്ടാകുന്നത് വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. 

പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ അടിക്കടി പണിമുടക്കിന് ആഹ്വാനം നടത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും തൊഴിലാളി യൂണിയനുകള്‍ ഈ പ്രവണത അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ 15ഓളം പണിമുടക്കുകളാണ് ഉണ്ടായിട്ടുള്ളതെന്നും വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം പിന്നിലാണെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറുനാടന്‍ തൊഴിലാളികള്‍ക്ക് മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ സംസ്ഥാനം പിന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ അംഗീകാരത്തോടെ സംസ്ഥാനത്ത് നിരോധിച്ച നോക്കുകൂലി സമ്പ്രദായം എവിടെയെങ്കിലും നടപ്പാക്കാന്‍ ശ്രമമുണ്ടായാല്‍ കര്‍ശന നടപടി കൈകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com