കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഷനിലായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ശ്രീജിത്തിന്റെ കുടുംബം. സസ്‌പെന്‍ഷന്‍ നല്‍കിയ നടപടി താല്‍ക്കാലിക ആശ്വാസമെന്നും കുടുംബം പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. കേസ് കൈകാര്യം ചെയ്ത രീതിയില്‍ എവി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ഡിജിപിക്ക് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി എവി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.
എസ്പിയുടെ വീഴച്കള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എവി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്കും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
പൊലീസിന് നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ല ആര്‍ടിഎഫ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയത്. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എവി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചതെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ ഇത് ചട്ടവിരുദ്ധമാണെന്നൂം ചൂണ്ടികാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ