പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രിന്‍സിപ്പലിന്റെ കടുംപിടുത്തമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു
പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, വിദ്യാര്‍ഥി തൂങ്ങിമരിച്ചു

തിരുവനന്തപുരം: പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ സ്വര്‍ണേന്ത് കുമാറാണ് വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോവളത്തെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ് സ്വര്‍ണേന്ത്. 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്ഥാപനമാണ് ഇത്. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. 75 ശതമാനം ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. വെള്ളിയാഴ്ച രാവിലേയും കോളെജില്‍ എത്തി അധ്യാപകരുമായി സ്വര്‍ണേന്ത് സംസാരിച്ചു. ഇതിന് പിന്നാലെ വാടക വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. 

വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കോളെജിലെ വിദ്യാര്‍ഥികള്‍ കോളെജ് ഗേറ്റ് ഉപരോധിച്ച് പ്രതിഷേധിച്ചു. 74 ശതമാനം ഹാജര്‍ അവന് ഉണ്ടായിരുന്നു എന്നും, പ്രിന്‍സിപ്പലിന്റെ കടുംപിടുത്തമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

മാതാപിതാക്കളുടെ ആഗ്രഹം സാക്ഷാത്കരിച്ചു നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് സ്വര്‍ണേന്തുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നടപടി ക്രമങ്ങള്‍ പിന്തുടര്‍ന്നാണ് പരീക്ഷ എഴുതിക്കാന്‍ അനുവദിക്കാതിരുന്നത് എന്നാണ് അധ്യാപകരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com