പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയിലും സന്നിധാനത്തും സംഘര്‍ഷങ്ങള്‍ അരങ്ങേറി ; ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍

യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരായ ജാമ്യമില്ലാ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍
പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയിലും സന്നിധാനത്തും സംഘര്‍ഷങ്ങള്‍ അരങ്ങേറി ; ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി : കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരായ ജാമ്യമില്ലാ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തനിക്കെതിരെ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

ശ്രീധരന്‍പിള്ളുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയിലും സന്നിധാനത്തും സംഘര്‍ഷങ്ങള്‍ അരങ്ങേറി. മാത്രമല്ല ഇപ്പോള്‍ നടത്തുന്ന രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രീധരന്‍പിള്ള ശ്രമിക്കുകയാണ്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കാനാകില്ല. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഈ കേസില്‍ കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു. വിവാദപ്രസംഗത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു. നട അടക്കുന്നതിന് മുന്നോടിയായി തന്ത്രി തന്നെ വിളിച്ച് നിയമോപദേശം തേടി എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞു. 

വിവാദ പ്രസംഗത്തിന്റെ സിഡി കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ തന്ത്രി വിളിച്ചു എന്നതടക്കമുള്ള പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com