ശബരിമല വിഷയത്തില്‍ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍; സര്‍വകക്ഷി യോഗം നാളെ, പന്തളം രാജകുടുംബവുമായി ചര്‍ച്ച നടത്തും 

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം
ശബരിമല വിഷയത്തില്‍ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍; സര്‍വകക്ഷി യോഗം നാളെ, പന്തളം രാജകുടുംബവുമായി ചര്‍ച്ച നടത്തും 

തിരുവനന്തപുരം; ശബരിമല നട വെള്ളിയാഴ്ച തുറക്കാനിരിക്കേ യുവതീപ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ നടക്കും. യുവതീ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ വിധി നടപ്പാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നേക്കും. അതിനാല്‍ സമവായ ശ്രമം എത്രത്തോളം വിജയകരമാവുമെന്ന് പറയാനാകില്ല. കൂടാതെ തന്ത്രിയും പന്തളം രാജകുടുംബവുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. 

രണ്ട് മാസം നീളുന്ന മണ്ഡലകാലം സര്‍ക്കാരിനും പൊലീസിനും വെല്ലുവിളിയാകും. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സര്‍ക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം. തന്ത്രിപന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും. എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന.

പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് പോലീസ് രൂപം നല്‍കി. മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വനിതാ ബറ്റാലിയന്‍ അടക്കം എത്തും. ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. വിശദമായ പോലീസ് വിന്യാസത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com