സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും; സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയിലുണ്ടാകരുതെന്ന് ആവശ്യപ്പെടും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് എടുത്തത്
സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും; സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയിലുണ്ടാകരുതെന്ന് ആവശ്യപ്പെടും

തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ മറികടന്നാണ് യുഡിഎഫ് പങ്കെടുക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് എടുത്തത്. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന നിലപാടെടുക്കുകയായിരുന്നു.  

സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയിലുണ്ടാകരുതെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍ വിധി നടപ്പാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരാനും ആലോചനയുണ്ട്. നാളെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. എന്‍ഡിഎ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. 

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമവായശ്രമങ്ങളുടെ ഭാഗമായിട്ടാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ആരെയെല്ലാം പങ്കെടുപ്പിക്കണം എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണു ധാരണ. സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com