ഗജ ചുഴലിക്കാറ്റ് വീശിയടിക്കുമ്പോള്‍ കൊച്ചി തീരത്ത് 'നാഫ്ത ബോംബ്' ; അപകടഭീഷണി, ആശങ്ക
By സമകാലികമലയാളം ഡെസ്‌ക് | Published: 16th November 2018 10:28 AM |
Last Updated: 16th November 2018 10:32 AM | A+A A- |

കൊച്ചി: അന്താരാഷ്ട്ര സമുദ്രപാതയില്‍ കഴിഞ്ഞ ആറുമാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നങ്കൂരമിട്ടിരിക്കുന്ന നാഫ്ത കപ്പല്‍ അപകടഭീഷണിയാകുന്നു. തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റിന്റെ അലയൊലികള്‍ കൊച്ചി തീരങ്ങളിലും പ്രതിഫലിച്ചാല്‍ എളുപ്പം കത്തുപിടിക്കുന്ന നാഫ്ത നിറച്ച കപ്പല്‍ ഭീഷണിയാകുമോയെന്ന ഭീതിയിലാണ് അധികൃതര്‍. അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഉന്നതതലയോഗം ചേരും.
3000 ടണ്‍ നാഫ്ത സംഭരിച്ച കപ്പലാണ് കൊച്ചി തീരങ്ങളില്‍ നിന്ന് 12.2 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്നത്. ആഴക്കടലില്‍ കഴിഞ്ഞ ആറുമാസമായി ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കപ്പല്‍. നിലവില്‍ കപ്പലിനെ കടലില്‍ ഉറപ്പിച്ചിരിക്കുന്ന നങ്കൂരം തുരുമ്പുപിടിച്ച് നശിച്ചുപോകുമോയെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. കാലാകാലങ്ങളില്‍ ചെയ്യേണ്ട അറ്റക്കുറ്റപ്പണികള്‍ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. ഗജ ചുഴലിക്കാറ്റ് കൊച്ചിതീരങ്ങളിലും വീശിയടിച്ചാല്‍ നാഫ്ത കപ്പല്‍ ഒരു ബോംബായി മാറാനുളള സാധ്യതയും അധികൃതര്‍ തളളിക്കളയുന്നില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ തോപ്പുംപടി, വല്ലാര്‍പാടം, വൈപ്പിന്‍ ദ്വീപുകളെ സാരമായി ബാധിക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
12 നോട്ടിക്കല്‍ മൈലിന് പുറത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത് എന്നതിനാല്‍ കേരള സര്‍ക്കാരിന് ഇതില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലുടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. രാജ്യാന്തര രക്ഷാദൗത്യസംഘത്തെ പ്രയോജനപ്പെടുത്തി പ്രശ്‌നപരിഹാരം കാണാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പക്ഷേ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നത് സംബന്ധിച്ച സംശയങ്ങളും ബാക്കി നില്‍ക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. ഇതില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കും.
എളുപ്പം തീപിടിക്കുന്ന നാഫ്ത നിറച്ച കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചാലും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടല്‍ക്കൊളളക്കാരുടെ ഭീഷണിയും നിലനില്‍ക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കൊച്ചി തീരത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഗൗരവം ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കപ്പലിന്റെ ഉടമയെയും അന്താരാഷ്ട്ര രക്ഷാദൗത്യസംഘത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. ഉടമയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കപ്പല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇന്‍ഷുറന്‍സ് കമ്പനിയും സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.