വിമാനത്താവളത്തിലെ പ്രതിഷേധം : 250 പേര്‍ക്കെതിരെ കേസ് ; മതവികാരം വ്രണപ്പെടുത്തിയെന്ന് തൃപ്തിക്കെതിരെ പരാതി

കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
വിമാനത്താവളത്തിലെ പ്രതിഷേധം : 250 പേര്‍ക്കെതിരെ കേസ് ; മതവികാരം വ്രണപ്പെടുത്തിയെന്ന് തൃപ്തിക്കെതിരെ പരാതി

കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധം നടത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്. 

എന്നാല്‍ ആചാരലംഘനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങിപ്പോകും വരെ നാമജപവുമായി വിമാനത്താവളത്തിനു മുന്നില്‍ തുടരുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം. തൃപ്തി ദേശായി മടങ്ങിപ്പോയില്ലെങ്കില്‍ നട അടക്കുന്നതുവരെ വിമാനത്താവളത്തിന് മുന്നില്‍ സമരത്തിന് തയ്യാറാണെന്ന് ഹിന്ദുഐക്യവേദി പ്രഖ്യാപിച്ചിട്ടുണ്ട്.  വിമാനത്താവളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി തൃപ്തി ദേശായിയെ എത്രയും വേഗം മാറ്റണമെന്ന് സിയാല്‍ എം ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

തൃപ്തിക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്ഥിതിഗതികള്‍ ബോധിപ്പിക്കാന്‍ ആലുവ തഹസില്‍ദാര്‍ തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ മടങ്ങിപ്പോകാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ എന്തുവന്നാലും ക്ഷേത്രദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടിലാണ് തൃപ്തി ദേശായി. 

അതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കെതിരെ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. നെടുമ്പാശേരി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഗൂഢാലോചനയുടെ ഭാഗമായി എത്തിയ തൃപ്തി ദേശായി മതവികാരം വ്രണപ്പെടുത്തിയെന്നാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു പരാതിയില്‍ ആരോപിക്കുന്നത്. 

ഭക്തയായല്ല തൃപ്തി ദേശായി ശബരിമലയില്‍ പോകാന്‍ എത്തിയിട്ടുള്ളത്. അവര്‍ കറുപ്പ് ഉടുത്തിട്ടില്ലെന്നും, ഇരുമുടിക്കെട്ട് ഇല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തൃപ്തി ദേശായിക്കെതിരെ പത്തനംതിട്ടയിലും പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. കോന്നി സ്വദേശിയാണ് തൃപ്തി ദേശായിക്കെതിരെ പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തി വർ​ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com