തോല്‍ക്കുന്നത് തൃപ്തി ദേശായി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണ്: മുരളി തുമ്മാരുകുടി

തടയുമ്പോള്‍ തോല്‍ക്കുന്നത് തൃപ്തി ദേശായി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണ്: മുരളി തുമ്മാരുകുടി
തോല്‍ക്കുന്നത് തൃപ്തി ദേശായി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണ്: മുരളി തുമ്മാരുകുടി

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ യുവതി തൃപ്തി ദേശായിയെ തടയുമ്പോള്‍ തോല്‍ക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണെന്ന് മുരളി തുമ്മാരുകുടി. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധി അനുസരിച്ച് മുന്‍കൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അവര്‍ക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റാത്ത സാഹചര്യമാണെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന ലോകം ഉണ്ടായിട്ട് അധികം നാളുകള്‍ ഒന്നും ആയിട്ടില്ല. പക്ഷെ ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ കുതിച്ചു ചാട്ടം ഉണ്ടായത് വ്യക്തികളുടെയോ മതങ്ങളുടെയോ ഇഷ്ടത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും മാറി എല്ലാവര്‍ക്കും ബാധിതമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ ഭരിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ ആണെന്നും മുരളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

കുത്തിയിരിക്കുന്ന വിശ്വാസം, നോക്കുകുത്തിയാകുന്ന ഭരണഘടന

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ സങ്കടപ്പെടുത്തുന്നു. വിഷമിപ്പിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധി അനുസരിച്ച് മുന്‍കൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. അവര്‍ക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റുന്നില്ല.

അവരെ സമാധാനപരമായോ അക്രമാസക്തമായോ എതിര്‍ത്ത് ശബരിമലയിലേക്ക് പോകുന്നത് തടയുമ്പോള്‍ തോല്‍ക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മൊത്തമാണ്.

നമ്മുടെ ഭരണഘടന സംവിധാനം അനുസരിച്ച് സുപ്രീം കോടതിയില്‍ അടുത്ത തീരുമാനത്തിനായി റിവ്യൂ ഹര്‍ജിയും റിട്ട് ഹര്‍ജിയും ഒക്കെ കൊടുത്തിരിക്കുന്നവരും അതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നവരും ഒക്കെയാണ് പ്രതിഷേധക്കാരില്‍ അധികവും എന്നത് ഒരു വിരോധാഭാസം ആണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് വിധി കിട്ടാന്‍ ഭരണഘടന വേണം, അല്ലെങ്കില്‍ വേണ്ട.

ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന ലോകം ഉണ്ടായിട്ട് അധികം നാളുകള്‍ ഒന്നും ആയിട്ടില്ല. പക്ഷെ ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ കുതിച്ചു ചാട്ടം ഉണ്ടായത് വ്യക്തികളുടെയോ മതങ്ങളുടെയോ ഇഷ്ടത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും മാറി എല്ലാവര്‍ക്കും ബാധിതമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ ഭരിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ ആണ്.

ഇതൊക്കെ നമ്മള്‍ എന്നെങ്കിലും ഒക്കെ മനസ്സിലാക്കും എന്നത് ഉറപ്പാണ്. അത് നീതിയും ന്യായങ്ങളും ഒക്കെ വിധിപോലെ നടപ്പിലാക്കാന്‍ ഭരണഘടനയുടെ സംവിധാനങ്ങള്‍ ശക്തമായി ഇടപെടുമ്പോള്‍ ആണോ അതോ നാട്ടില്‍ നീതിയും ന്യായവും ഒന്നും നടപ്പിലാക്കാന്‍ ഒരു ഭരണഘടന ഇല്ലാതാകുന്ന കാലത്താണോ എന്നതേ സംശയമുള്ളൂ. ഒന്നാമത്തേത് ആകണം എന്നാണ് ആഗ്രം. പോക്ക് കണ്ടിട്ട് രണ്ടാമത്തേതിനാണ് സാധ്യത.

'എന്റെ ഭരണഘടനേ നിന്നെ നീ തന്നെ കാത്തോളണേ'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com